നാഗർകോവിൽ : മദ്യപിച്ച് എത്തി അമ്മയുമായി വഴക്കിടുന്ന പിതാവിന്റെ ആക്രമണം ഭയന്ന് രാത്രി തോട്ടത്തിലൊളിച്ച നാലുവയസ്സുകാരിക്ക് പാമ്പു കടിയേറ്റ് ദാരുണാന്ത്യം.തിരുവട്ടാറിനു സമീപം കുലശേഖരത്ത് ആണ് ദാരുണ സംഭവം. കുട്ടക്കാട് പാലവിള സ്വദേശി സുരേന്ദ്രൻ–വിജി മോൾ ദമ്പതികളുടെ മകൾ സുഷ്‌വിക (4)മോളാണ് മരിച്ചത്.
സുരേന്ദ്രൻ കൂലിത്തൊഴിലാളിയാണ്. ഇയാൾ മദ്യപിച്ചെത്തി ഭാര്യയുമായി വഴക്കിടുന്നത് പതിവാണെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം ഇത്തരത്തിൽ വഴക്കുണ്ടായപ്പോൾ ഭയന്ന് സുഷ്‌വികയും സഹോദരൻമാരായ സുഷ്‌വിൻ ഷിജോ (12), സുജിലിൻജോ (9) എന്നിവരും സമീപത്തുള്ള റബർ തോട്ടത്തില് പോയി ഒളിക്കുകയായിരുന്നു.
കുറച്ചു കഴിഞ്ഞ് കരഞ്ഞുകൊണ്ട് വീട്ടിലെത്തിയ സുഷ്‌വിക തന്നെ പാമ്പു കടിച്ചെന്നു പറഞ്ഞു. തൊട്ടുപിന്നാലെ തന്നെ അയൽവാസികൾ കുട്ടിയെ ആശാരിപ്പള്ളം മെഡിക്കൽകോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. തിരുവട്ടാർ പൊലീസ് കേസെടുത്തിട്ടുണ്ട്.