അയല്‍വാസികളുടെ തര്‍ക്കം മൂത്തു : 45 ദിവസം യമുനാനദി വൃത്തിയാക്കാന്‍ നിര്‍ദേശിച്ച് കോടതി

ന്യൂഡല്‍ഹി : അയല്‍വാസികളുടെ തര്‍ക്കത്തിന് പരിഹാരമായി ഇരുകൂട്ടരോടും യമുനാ നദി വൃത്തിയാക്കാന്‍ നിര്‍ദേശിച്ച് കോടതി. ഓര്‍ഡര്‍ ലഭിച്ച് പത്ത് ദിവസത്തിനുള്ളില്‍ ഡല്‍ഹി ജല ബോര്‍ഡ് അംഗം അജയ് ഗുപ്തയെ കാണണമെന്നും ഗുപ്തയുടെ മേല്‍നോട്ടത്തില്‍ 45 ദിവസം യമുനാ നദി വൃത്തിയാക്കണമെന്നുമാണ് ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവ്.

കുട്ടികളുടെ വഴക്കേറ്റ് പിടിച്ചാണ് അയല്‍ക്കാരായ മാതാപിതാക്കള്‍ തര്‍ക്കത്തിലെത്തുന്നത്. വാക്കേറ്റം മൂത്ത് കയ്യാങ്കളിയിലെത്തിയതോടെ ഇരുകൂട്ടര്‍ക്കും പരിക്കേറ്റു. ഇതോടെ രണ്ട് കൂട്ടര്‍ക്കുമെതിരെ എഫ്‌ഐആറും ഫയല്‍ ചെയ്തു. എന്നാല്‍ പിന്നീട് സംഭവത്തില്‍ കുറ്റബോധം തോന്നുന്നതായി അറിയിച്ച ഇവര്‍ പ്രവൃത്തികള്‍ക്ക് പ്രായശ്ചിത്തം ചെയ്യാം എന്ന് കോടതിയെ അറിയിക്കുകയായിരുന്നു.

ഇതോടെയാണ് ഹൈക്കോടതി ജഡ്ജി ജസ്മീത് സിങ് ഇരു കൂട്ടരോടും നദി വൃത്തിയാക്കാന്‍ നിര്‍ദേശിച്ചത്. ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ തൃപ്തരായാല്‍ ഇവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന് ജല വിഭാഗത്തിന് ഹൈക്കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. സര്‍ട്ടിഫിക്കറ്റ് ലഭിച്ച് ഒരാഴ്ചയ്ക്കകം കക്ഷികള്‍ രേഖകള്‍ കോടതിയില്‍ ഹാജരാക്കുകയും വേണം. ഈ നടപടികള്‍ രണ്ട് മാസത്തിനകം പൂര്‍ത്തിയാക്കണം. വ്യവസ്ഥകള്‍ പാലിക്കുമെന്ന ഉറപ്പില്‍ ആക്രമണം, വഴക്ക്, പീഡനം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി ജയ്ത്പൂര്‍ പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ റദ്ദാക്കാനും കോടതി നിര്‍ദേശിച്ചു.

Exit mobile version