ന്യൂഡൽഹി: കാശ്മീരിൽ നിന്നുള്ള ഇന്ത്യൻ വിദ്യാർത്ഥിയുടെ ജീവൻ രക്ഷിക്കാനായി അടിയന്തരമായി ഇടപെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ബംഗ്ലാദേശിൽ വെച്ച് വാഹനാപകടത്തിൽപെട്ട് ഗുരുതരമായി പരിക്കേറ്റ എംബിബിഎസ് വിദ്യാർത്ഥിക്കാണ് പ്രധാനമന്ത്രിയുടെ കൈത്താങ്ങ്. ബംഗ്ലാദേശിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ജമ്മു കശ്മീർ സ്വദേശി ഷോയ്ബ് ലോണിനെ വിദഗ്ധ ചികിത്സയ്ക്കായി ഇന്ത്യയിലേക്ക് എത്തിച്ചു.
കേന്ദ്രസർക്കാർ ഇടപെടലിലാണ് എയർലിഫ്റ്റ് ചെയ്ത് ഷോയബിനെ ഡൽഹിയിലെ എയിംസിലേക്ക് മാറ്റിയത്. രജൗരി ജില്ലയിലെ ഷോയബ് ചികിത്സയിൽ കഴിയുന്ന വിവരം ഷോയിബിന്റെ പിതാവ് വഴി അറിഞ്ഞ ബിജെപി കാശ്മീർ പാർട്ടിയാണ് പ്രധാനമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് സഹായം ഒരുക്കിയത്.
വിദ്യാർത്ഥിയുടെ കുടുംബത്തിന് സഹായം ഉറപ്പുനൽകി പ്രധാനമന്ത്രി നരേന്ദ്രമോഡി നേരിട്ട് വിളിച്ചിരുന്നു. ചികിത്സയുടെ ചിലവ് സംസ്ഥാന സർക്കാർ വഹിക്കുമെന്നും അറിയിച്ചിട്ടുണ്ട്. ബംഗ്ലാദേശിൽ നിന്നും ഷോയിബിന്റെ ചികിത്സ ഡൽഹിയിലേക്ക് മാറ്റിയതിൽ പ്രധാനമന്ത്രിയ്ക്ക് കുടുംബം നന്ദി അറിയിച്ചു.
ജമ്മുവിലെ രജൗരി ജില്ലയിലാണ് ഷോയിബ് ലോൺ താമസിക്കുന്നത്. ധാക്കയിലെ ബാരിൻഡ് മെഡിക്കൽ കോളേജിൽ അവസാന വർഷ എംബിബിഎസ് വിദ്യാർത്ഥിയാണ് ഷോയിബ്. ജൂൺ 3 നാണ് കോളേജിലെ മറ്റ് രണ്ട് സുഹൃത്തുക്കളോടൊപ്പം സഞ്ചരിക്കവെ അപകടത്തിൽപ്പെട്ടത്. സംഭവത്തിൽ ഷോയിബിനും മറ്റൊരു സുഹൃത്തിനും ഗുരുതരമായി പരിക്കേറ്റിരുന്നു. ഒരാൾ മരിക്കുകയും ചെയ്തു.