ചെന്നൈ: കഴിഞ്ഞ ദിവസമാണ് തെന്നിന്ത്യന്‍ സിനിമാലോകം കാത്തിരുന്ന താര വിവാഹം യാഥാര്‍ഥ്യമായത്. ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര വിഘനേഷ് ശിവന് സ്വന്തമായിരിക്കുകയാണ്. സോഷ്യല്‍ മീഡിയ നിറയെ താരങ്ങളുടെ ചിത്രങ്ങളാണ് നിറയുന്നത്.
അതേസമയം നവദമ്പതികളുടെ തിരുപ്പതി ദര്‍ശനം വിവാദമായിരിക്കുകയാണ്.
വിവാഹത്തിന് തൊട്ടടുത്തദിവസമാണ് ഇരുവരും തിരുപ്പതി വെങ്കടേശ്വരക്ഷേത്രം സന്ദര്‍ശിച്ചത്. ഇതിന്റെ ചിത്രങ്ങളും സോഷ്യല്‍ ലോകത്ത് പ്രചരിച്ചിരുന്നു. ചിലതില്‍ നയന്‍താര ക്ഷേത്ര മതില്‍ക്കെട്ടിനകത്ത് ചെരിപ്പിട്ട് നടക്കുന്നതായി കാണാമായിരുന്നു. ഇതാണ് വിവാദത്തിനിടയാക്കിയത്.
ക്ഷേത്രത്തിനകത്തെ പരിസരത്ത് ചെരിപ്പിട്ട് നടക്കാന്‍ പാടില്ലെന്ന് തിരുമല തിരുപ്പതി ദേവസ്ഥാനം ബോര്‍ഡ് ചീഫ് വിജിലന്‍സ് സെക്യൂരിറ്റി ഓഫീസര്‍ നരസിംഹ കിഷോര്‍ പറഞ്ഞു. നടി ചെരിപ്പിട്ട് നടക്കുന്നത് കണ്ടയുടന്‍ ഞങ്ങളുടെ സുരക്ഷാ ജീവനക്കാര്‍ അത് പാടില്ലെന്ന് വിലക്കിയിരുന്നു.
ക്ഷേത്രത്തിനകത്ത് അവര്‍ ചിത്രങ്ങളുമെടുത്തിരുന്നു. അതും വിലക്കി. സന്ദര്‍ശകര്‍ക്ക് ക്ഷേത്രത്തിനകത്ത് ക്യാമറ ഉപയോഗിക്കാന്‍ പാടില്ലെന്നും കിഷോര്‍ പറഞ്ഞു. അദ്ദേഹത്തെ ഉദ്ധരിച്ചുകൊണ്ട് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ക്ഷേത്രത്തില്‍ ചെരിപ്പിട്ട് പ്രവേശിച്ചതിന് നയന്‍താരയ്ക്ക് നോട്ടീസ് അയക്കാനാണ് ക്ഷേത്രം അധികൃതരുടെ തീരുമാനം. വിഷയത്തില്‍ ക്ഷേത്രാധികാരികളോടും വിശ്വാസികളോടും ക്ഷമാപണം നടത്താന്‍ നയന്‍താര സന്നദ്ധയായിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. വിഗ്‌നേഷ് നേരത്തേ തന്നെ ക്ഷമ പറഞ്ഞിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഇക്കഴിഞ്ഞ ഒമ്പതാം തീയതിയാണ് മഹാബലിപുരത്തുവെച്ച് വിഗ്‌നേഷ് ശിവനും നയന്‍താരയും വിവാഹിതരായത്. വര്‍ണശബളമായ ചടങ്ങില്‍ രജനികാന്തും ഷാരൂഖ് ഖാനും അടക്കമുള്ള സൂപ്പര്‍താരങ്ങള്‍ എത്തിയിരുന്നു. മലയാളത്തില്‍ നിന്നും ദിലീപും പങ്കെടുത്തിരുന്നു.
Discussion about this post