മുംബൈ: ജോലി ലഭിക്കാനുള്ള യോഗ്യത ഉണ്ടെന്ന കാരണത്താൽ മാത്രം സ്ത്രീകളെ ജോലി ചെയ്യാൻ നിർബന്ധിക്കരുതെന്ന് ബോംബെ ഹൈക്കോടതി. സ്ത്രീയെ ബലം പ്രയോഗിച്ച് ജോലിക്കയയ്ക്കരുതെന്നും ജോലിക്ക് പോകണമോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള സമ്പൂർണ അവകാശം സ്ത്രീകൾക്കാണെന്നും ബോംബെ ഹൈക്കോടതി നിരീക്ഷിച്ചു. വിവാഹമോചനക്കേസിൽ ഭാര്യയ്ക്ക് ജീവനാംശം നൽകണമെന്ന കോടതി ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിച്ച യുവാവിനോടാണ് കോടതിയുടെ പരാമർശം.
ഏതെങ്കിലും ഒരു ജോലി ചെയ്യാൻ സ്ത്രീകൾക്ക് യോഗ്യത ഉണ്ടെങ്കിലും ഇല്ലെങ്കിലും ജോലിക്ക് പോകണമോ വേണ്ടയോ എന്നത് ആ സ്ത്രീയുടെ മാത്രം തീരുമാനമാണ്. ഇന്ന് ഞാൻ കോടതിയിലെ ജഡ്ജിയാണ്. നാളെ മുതൽ ഞാൻ വീട്ടിലിരിക്കാൻ തീരുമാനിച്ചാൽ നിങ്ങൾക്ക് ജഡ്ജിയാകാൻ യോഗ്യതയുണ്ടല്ലോ. അതുകൊണ്ട് ജോലി ചെയ്തേ മതിയാകൂ എന്ന് നിങ്ങൾ പറയുമോ?- ജസ്റ്റിസ് ഭാരതി ദാംഗ്രെ യുവാവിന്റെ അഭിഭാഷകനോട് ചോദിച്ചു.
സ്ത്രീ കുടുംബത്തിനായി സാമ്പത്തികമായി സംഭാവന നൽകണമെന്നത് നമ്മുടെ സമൂഹം ഇതുവരെ അംഗീകരിച്ചിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഹർജിക്കാരന്റെ മുൻഭാര്യ വിദ്യാഭ്യാസമുള്ളയാളാണെന്നും സ്വന്തമായി ജോലിക്ക് പോയി ചെലവിനുള്ള പണം കണ്ടെത്താനാകുമെന്നും ഉള്ള വാദങ്ങളെ തള്ളിയായിരുന്നു കോടതിയുടെ പരാമർശം.
Discussion about this post