പാട്ന: ലോക്ക് ഡൗൺ കാലത്ത് ഉൾപ്പടെ ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയനായ നടൻ സോനു സൂദ് ഇപ്പോഴിതാ വൈകല്യവുമായി ജനിച്ച കുഞ്ഞിന് പുതുജീവിതം നൽകിയിരിക്കുകയാണ്.
നാല് കൈകളും നാല് കാലുകളുമായി ജനിച്ച ഒരു പെൺകുട്ടിയ്ക്ക് ശസ്ത്രക്രിയ നടത്താനുൾപ്പടെയുള്ള സഹായവുമായി താരം രംഗത്തെത്തിയിരിക്കുകയാണ്. ആവശ്യമില്ലാത്ത കൈകാലുകൾ നീക്കം ചെയ്യുന്ന ശസ്ത്രക്രിയക്കുള്ള സാമ്പത്തിക സഹായം നൽകുകയും ചികിത്സയിലുടനീളം പെൺകുട്ടിയുടെ കുടുംബത്തിനൊപ്പം നിൽക്കാനും അദ്ദേഹം തയ്യാറായി.
ബിഹാർ സ്വദേശിയായ പെൺകുട്ടിക്കാണ് സോനു സൂദിൻരെ സഹായം. കുട്ടിയുടെ അവസ്ഥ വാർത്തകളിലൂടെ അറിഞ്ഞതാരം സ്വമേധയാ സഹായവുമായി രംഗത്ത് വരികയായിരുന്നു.
‘അവളുടെ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായി. വീട്ടിലേക്ക് മടങ്ങിപോകാൻ അവൾ തയ്യാറെടുക്കുകയാണ്’- സോനു അറിയിച്ചു.
നേരത്തെ കോവിഡ് തുടക്കക്കാലത്ത് ഉണ്ടായ സമ്പൂർണ ലോക്ക്ഡൗണിൽ മറ്റു സംസ്ഥാനങ്ങളിൽ കുടുങ്ങിപ്പോയ സാധാരണ തൊഴിലാളികൾക്ക് വീടുകളിലേക്ക് പോകാൻ ബസ് ഉൾപ്പടെയുള്ള സംവിധാനങ്ങൾ സോനു സൂദ് ഏർപ്പാടാക്കിയിരുന്നു. നിരവധി പേർക്ക് ചികിത്സാസഹായം നൽകിയും ആശുപത്രിയുടെ പരസ്യത്തിൽ അഭിനയിച്ചതിന് കരൾ ശസ്ത്രക്രിയകൾ സൗജന്യമായി ഉറപ്പാക്കിയും താരം വാർത്തകളിൽ നിറഞ്ഞിരുന്നു.
Discussion about this post