ബോളിവുഡ് സിനിമാലോകത്തെ തന്നെ മയക്കുമരുന്ന് മാഫിയയായി ചിത്രീകരിച്ച സംഭവമായിരുന്നു നടൻ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാനെ മയക്കുമരുന്നു കേസിൽ അറസ്റ്റ് ചെയ്ത്. ഈ സംഭവം കെട്ടടങ്ങിയതിന് പിന്നാലെ ഷാരൂഖും മകനും അനുഭവിച്ച മാനസിക സംഘർഷത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് നാർകോട്ടിക് കൺട്രോൾ ബ്യൂറോയുടെ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ (ഓപ്പറേഷൻ) സഞ്ജയ് സിംഗ്.
ഇന്ത്യ ടുഡേ മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് സഞ്ജയ് സിംഗിന്റെ മനസ് തുറക്കൽ. മയക്കുമരുന്ന് പാർട്ടിയുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കവേ ആര്യൻ ഖാൻ തന്നോട് അതിവൈകാരികമായ ചോദ്യങ്ങൾ ചോദിച്ചുവെന്നും മനസ്സുതുറന്ന് സംസാരിച്ചുവെന്നും സഞ്ജയ് സിംഗ് പറയുന്നു.
‘താൻ ഇത്രയും ശിക്ഷ അനുഭവിക്കാൻ എന്ത് തെറ്റാണ് ചെയ്തത്’. ‘സർ, നിങ്ങളെന്നെ അന്താരാഷ്ട്ര മയക്കുമരുന്നുവ്യാപാരിയായി ചിത്രീകരിച്ചു. ഞാൻ അതിന് പണം മുടക്കുന്നുവെന്ന് പറഞ്ഞു. എനിക്കെതിരേ ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ അസംബന്ധമല്ലേ? എന്റെ പക്കൽ മയക്കുമരുന്നു കണ്ടെത്തിയിട്ടില്ല, എന്നിട്ടും എന്നെ അറസ്റ്റ് ചെയ്തു. എന്റെ പ്രതിച്ഛായക്ക് കളങ്കം വരുത്തി. ഇത്രയും ആഴ്ച ജയിലിൽ കിടക്കാൻ ഞാൻ എന്താണ് ചെയ്തത്. ഞാനിത് അർഹിച്ചിരുന്നോ’- ആര്യൻ ചോദിച്ചെന്ന് സഞ്ജയ് സിംഗ് വെളിപ്പെടുത്തുന്നു.
ആര്യൻ പുറത്തിറങ്ങിയ ശേഷവും ഷാരൂഖ് വളരെ ആശങ്കയിലായിരുന്നു. മകന്റെ മാനസികാരോഗ്യത്തെ കുറിച്ച് ഉത്കണ്ഠയുണ്ടായിരുന്നെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു. ആര്യന് രാത്രികാലങ്ങളിൽ ഉറക്കമില്ലെന്നും അതുകൊണ്ട് പലപ്പോഴും താൻ ഈ സമയങ്ങളിലെല്ലാം മകന്റെ മുറിയിൽ സമയം ചെലവഴിക്കുകയാണെന്നും ഷാരൂഖ് പറഞ്ഞു. തങ്ങളെ കൊടുംകുറ്റവാളികളായും സമൂഹത്തെ നശിപ്പിക്കുന്ന ഭീകരൻമാരായും ചിത്രീകരിച്ചുവെന്ന് ഷാരൂഖ് പറഞ്ഞതായും സഞ്ജയ് സിംഗ് പറയുന്നുണ്ട്.
2021 ഒക്ടോബർ രണ്ടിനാണ് ആഡംബര കപ്പലിൽ നടത്തിയ റെയ്ഡിൽ ആര്യൻ ഖാൻ അടക്കമുള്ളവരെ എൻസിബി.സംഘം അറസ്റ്റ് ചെയ്തത്. എന്നാൽ, കഴിഞ്ഞ മാസം കേസിൽ ആര്യൻ ഖാനെ കുറ്റവിമുക്തനാക്കി.