പാട്‌ന: ബിഹാറിൽ മകന്റെ മൃതദേഹം സർക്കാർ ആശുപത്രിയിൽ നിന്ന് വിട്ടുകിട്ടാനായി അരലക്ഷം ആവശ്യപ്പെട്ടതോടെ തെരുവിലിറങ്ങി ഭിക്ഷയാചിച്ച് വൃദ്ധ ദമ്പതികൾ. മൃതദേഹം വിട്ടുകിട്ടാൻ 50000 രൂപ കെട്ടിവെക്കണമെന്ന് ആശുപത്രി ജീവനക്കാർ ആവശ്യപ്പെട്ടതിനെ തുടന്നാണ് മാതാപിതാക്കൾ മറ്റ് വഴിയില്ലാതെ പണം കണ്ടെത്താനായി തെരുവിലിറങ്ങിയത്. ബിഹാറിലെ സമസ്തിപൂരിലാണ് സംഭവമെന്ന് റിപ്പോർട്ടുകൾ പറയുന്നു.
ഈ ദമ്പതികളുടെ മകനെ കുറച്ചു ദിവസങ്ങൾക്ക് മുൻപ് കാണാതായിരുന്നു. പിന്നീട് മൃതദേഹം ആശുപത്രിയിലുണ്ടെന്ന വിവരമാണ് വൃദ്ധരായ മാതാപിതാക്കളെ തേടിയെത്തിയത്. തുടർന്നാണ് ദമ്പതികൾ ആശുപത്രിയിലെത്തിയത്.
മൃതദേഹം വിട്ടു കിട്ടണമെങ്കിൽ 50000 രൂപ കെട്ടിവെക്കണമെന്ന് ആശുപത്രി ജീവനക്കാർ ആവശ്യപ്പെട്ടതായി പിതാവ് മഹേഷ് ടാക്കൂർ പറയുന്നു. ‘മകന്റെ മൃതദേഹം വിട്ടുനൽകാൻ ആശുപത്രി ജീവനക്കാരൻ 50000 രൂപ ആവശ്യപ്പെട്ടു. ഞങ്ങൾ പാവങ്ങളാണ്, ഈ തുക എങ്ങനെ അടക്കും’- തുടർന്നാണ് മഹേഷ് ടാക്കൂറും ഭാര്യയും പണം തേടി ഭിക്ഷയാചിക്കാൻ ആരംഭിച്ചത്.
അതേസമയം, സമസ്തിപൂർ സർക്കാർ ആശുപത്രിയിൽ ജീവനക്കാർ അനധികൃതമായി പണം ആവശ്യപ്പെടുന്നത് പതിവാണെന്ന് പരാതി ഉയർന്നിട്ടുണ്ട്. ആശുപത്രിയിലെ ഭൂരിഭാഗം ജീവനക്കാരും താൽക്കാലികാടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവരാണ്. ഇവർക്ക് കൃത്യമായ ശമ്പളം ലഭിക്കുന്നില്ല. അതുകൊണ്ടുതന്നെ താൽക്കാലിക ജീവനക്കാർ രോഗികളുടെ കൂട്ടിരിപ്പുകാരിൽ നിന്ന് അനധികൃതമായി പണം വാങ്ങുന്നത് പതിവാക്കിയിരിക്കുകയാണ്. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇത്തരക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്നും ആശുപത്രി അധികൃതർ അറിയിച്ചു.