കൊല്‍ക്കത്ത : സര്‍ക്കാര്‍ ജോലി കിട്ടിയതില്‍ അസൂയ പൂണ്ട് ഭര്‍ത്താവ് ഭാര്യയുടെ കൈവെട്ടിപ്പരിക്കേല്പിച്ചു. പശ്ചിമ ബംഗാളിലെ ഈസ്റ്റ് ബര്‍ദ്വാന്‍ ജില്ലയിലാണ് സംഭവം. ഷേര്‍ ഷെയ്ഖ് എന്നയാളാണ് 24കാരിയായ തന്റെ ഭാര്യ രേണുവിന്റെ കൈവെട്ടിയത്.
രേണുവിന് സര്‍ക്കാര്‍ ആശുപത്രിയില്‍ നഴ്‌സായി ജോലി കിട്ടിയതാണ് ഷെയ്ഖിനെ പ്രകോപിപ്പിച്ചത്. ജോലി ചെയ്യാന്‍ തുടങ്ങിയാല്‍ വേറെ ജില്ലയില്‍ പോസ്റ്റിംഗ് ലഭിക്കുമോ, തന്നെ ഉപേക്ഷിച്ച് പോകുമോ എന്നൊക്കെയുള്ള ഭയമായിരുന്നു ഷെയ്ഖിന്. ഇത് കൂടാതെ കടുത്ത അസൂയയും ഉണ്ടായിരുന്നു. ഇതൊക്കെ കൊണ്ട് ഇയാള്‍ രേണുവിനെ ജോലിയില്‍ പ്രവേശിയ്ക്കാന്‍ അനുവദിച്ചിരുന്നില്ല. ഷെയ്ഖിന്റെ സംശയം ദുരീകരിക്കാന്‍ രേണു പല തവണ ശ്രമിച്ചെങ്കിലും വിഫലമാവുകയും ചെയ്തു.
A 26-year-old man allegedly chopped off his wife’s hand in West Bengal after she secured a job as a nurse at a government hospital as he feared she would be posted in some other city, officials said.https://t.co/jzmh8sqMRq
— Hindustan Times (@htTweets) June 7, 2022
കൈവെട്ടിയാല്‍ ജോലി ചെയ്യാന്‍ സാധിക്കില്ല എന്ന് മുന്‍കൂട്ടി കണ്ടാണ് ഷെയ്ഖ് കൃത്യം നടത്തിയത്. ഞായറാഴ്ച പുലര്‍ച്ചെ ഒരു മണിക്ക് രേണു ഉറങ്ങിക്കിടന്ന സമയത്ത് ഷെയ്ഖ് മൂന്ന് സുഹൃത്തുക്കളുമായെത്തി മാരകായുധം ഉപയോഗിച്ച് കൈവെട്ടുകയായിരുന്നു. ശബ്ദം വെളിയില്‍ കേള്‍ക്കാതിരിക്കാന്‍ ഇയാള്‍ യുവതിയുടെ മുഖം തലയിണ ഉപയോഗിച്ച് പൊത്തിപ്പിടിയ്ക്കുകയും ചെയ്തു. കൈവെട്ടിയ ശേഷം യുവതിയുടെ എല്ലാ വിദ്യാഭ്യാസ രേഖകളും കൊണ്ട് ഇയാള്‍ കടന്നു കളഞ്ഞു.
യുവാവിനായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയ പോലീസ് സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലെത്തിച്ച യുവതിയുടെ വലതുകൈ ഡോക്ടര്‍മാര്‍ ഓപ്പറേഷന്‍ ചെയ്തു നീക്കി. ഇവരുടെ നില ഗുരുതരമായി തുടരുന്നുവെന്നാണ് വിവരം.