ന്യൂഡൽഹി: നാഗ്പൂരിൽനിന്നുള്ള ഖത്തർ എയർവേയ്‌സിന്റെ വിമാന സർവീസുകളിലൂടെ ലോകം കാണൂ എന്ന പരസ്യം വെബ്‌സൈറ്റിൽ നൽകി വിമാനക്കമ്പനി. തങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റിലെ ഹോം സ്‌ക്രീനിലാണ് ഖത്തർ എയർവേയ്സ് ഈ പരസ്യം നൽകിയിരിക്കുന്നത്.
ദോഹയിലെ ഹമദ് അന്താരാഷ്ട്രത്താവളം വഴി ലോകത്തിലെ 140-ൽ കൂടുതൽ സ്ഥലങ്ങളിലേക്കുള്ള സർവീസുകളും നാഗ്പൂരിൽനിന്നുള്ള സർവീസുകളുടെ പരസ്യവുമാണ് വിമാനക്കമ്പനി നൽകിയിരിക്കുന്നതെങ്കിലും നാഗ്പൂർ ആസ്ഥാനമായുള്ള ആർഎസ്എസിനും ബിജെപിക്കുമുള്ള മറുപടിയാണ് പരസ്യമെന്നാണ് സോഷ്യൽമീഡിയയിലെ ചർച്ച.
ഖത്തർ എയർവേയ്സിലെ ആഢംബരയാത്ര എന്നും ഓർമ്മയിൽ നിൽക്കുന്നതായിരിക്കുമെന്നും പരസ്യത്തിൽ പറയുന്നുണ്ട്. നേരത്തെ ബിജെപി നേതാക്കളുടെ പ്രവാചകനെതിരായ വിവാദ പ്രസ്താവനയിൽ പ്രതിഷേധിച്ച് ഖത്തറുൾപ്പടെയുള്ള രാജ്യങ്ങൾ രംഗത്തെത്തിയിരുന്നു.
ഇതിന് മറുപടിയായി ഖത്തർ എയർവെയ്സ് ബഹിഷ്‌കരിക്കണമെന്ന് ഹിന്ദു സംഘടനാ പ്രവർത്തകർ ആവശ്യമുന്നയിച്ചിരുന്നു. ട്വിറ്ററിലും ഈ ആവശ്യത്തെ സംബന്ധിച്ച് ക്യാംപെയിൻ നടക്കുന്നതിനിടെയാണ് പരസ്യവുമായി ഖത്തർ എയർവേയ്സ് രംഗത്തെത്തിയിരിക്കുന്നത്.