നബിവിരുദ്ധ പരാമര്‍ശം : ലോകരാഷ്ട്രങ്ങള്‍ ഇന്ത്യയ്ക്ക് താക്കീത് നല്‍കണമെന്ന് പാകിസ്താന്‍

ന്യൂഡല്‍ഹി : മുഹമ്മദ് നബിയ്‌ക്കെതിരെയുള്ള ബിജെപി ദേശീയ വക്താവ് നൂപുര്‍ ശര്‍മയുടെ വിവാദ പരാമര്‍ശത്തില്‍ കടുത്ത പ്രതിഷേധവുമായി പാകിസ്താന്‍. മോഡി ഭരണത്തിന് കീഴില്‍ മതസ്വാതന്ത്ര്യം ചവിട്ടി മെതിയ്ക്കപ്പെടുകയാണെന്നും ലോകരാഷ്ട്രങ്ങള്‍ ഇന്ത്യക്ക് താക്കീത് നല്‍കണമെന്നും പാക് പ്രധാനമന്ത്രി ഷഹബാസ്‌ ഷെരീഫ് ആവശ്യപ്പെട്ടു.

“പ്രവാചകനെതിരെ ഇന്ത്യയിലെ ബിജെപി നേതാവ് നടത്തിയ പരാമര്‍ശത്തെ ശക്തമായി അപലപിക്കുകയാണ്. മോഡിയുടെ കീഴില്‍ മതസ്വാതന്ത്ര്യം ഹനിക്കപ്പെടുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുന്നത്. എല്ലാവരുമൊന്നിച്ച് ഇതിനെതിരെ ഇന്ത്യയ്ക്ക് കര്‍ശന താക്കീത് നല്‍കണം”. ഷെരീഫ് ട്വീറ്റ് ചെയ്തു.

പരാമര്‍ശത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ക്ഷമാപണം നടത്തണമെന്നാവശ്യപ്പെട്ട് ഗള്‍ഫ് രാജ്യങ്ങള്‍ നേരത്തേ തന്നെ രംഗത്തെത്തിയിരുന്നു. ഖത്തര്‍, കുവൈറ്റ്, ഇറാന്‍ അടക്കമുള്ള രാജ്യങ്ങള്‍ ഇന്ത്യയുടെ സ്ഥാനപതിമാരെ വിളിച്ചു വരുത്തിയാണ് പ്രതിഷേധമറിയിച്ചത്. പരാമര്‍ശത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ക്ഷമാപണം നടത്തണമെന്നും ഗള്‍ഫ് രാജ്യങ്ങള്‍ ആവശ്യപ്പെട്ടിരുന്നു.

ഗ്യാന്‍വാപി സംഭവത്തെ കുറിച്ചുള്ള ഒരു ചാനല്‍ ചര്‍ച്ചയില്‍ ഇസ്ലാമിലെ ചില കാര്യങ്ങള്‍ പരിഹാസപാത്രമാണെന്ന് നൂപുര്‍ പറഞ്ഞതിനെച്ചൊല്ലിയാണ് വിവാദം ഉടലെടുത്തത്. പരാമര്‍ശത്തിനെതിരെ മുസ്ലിം വിഭാഗം ഉത്തര്‍ പ്രദേശിലെ കാണ്‍പൂരില്‍ സംഘടിപ്പിച്ച ഹര്‍ത്താല്‍ സംഘര്‍ഷത്തില്‍ കലാശിച്ചു. സംഘര്‍ഷത്തില്‍ 20 പോലീസുകാരുള്‍പ്പടെ 40 പേര്‍ക്കാണ് പരിക്കേറ്റത്. ഇതുവരെ 36 പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 1500 പേര്‍ക്കെതിരെ കേസെടുത്തു.

Exit mobile version