ഉത്തരകാശിയില്‍ തീര്‍ഥാടകരുമായി പോയ ബസ് മലയിടുക്കിലേക്ക് മറിഞ്ഞ് 25 മരണം

ഡെറാഡൂണ്‍ : ഉത്തരകാശിയില്‍ തീര്‍ഥാടകരുമായി പോയ ബസ് മലയിടുക്കിലേക്ക് മറിഞ്ഞ് 25 പേര്‍ മരിച്ചു. മധ്യപ്രദേശിലെ പന്നയില്‍ നിന്ന് യമുനോത്രി ക്ഷേത്രത്തിലേക്ക് പോയ ബസാണ് മറിഞ്ഞത്. ബസില്‍ ഡ്രൈവറെയും സഹായിയെയും കൂടാതെ 28 പേര്‍ ഉണ്ടായിരുന്നതായാണ് വിവരം.

ഉത്തരകാശിയിലെ ദാംതയില്‍ വെച്ചാണ് അപകടമുണ്ടായത്. എന്‍എച്ച്94ല്‍ റിഖാവു ഘട്ടിന് സമീപത്ത് വെച്ച് ബസ് മലയിടുക്കിലേക്ക് മറിയുകയായിരുന്നു. സംഭവത്തില്‍ മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. രണ്ട് പേരെ ഇനിയും കണ്ടെത്താനുണ്ട്. സംഭവസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് 50000 രൂപ വീതവും പ്രധാനമന്ത്രി നരേന്ദ്രമോഡി ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. അപകടത്തില്‍ പരിക്കേറ്റവരെ സന്ദര്‍ശിച്ച മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ ഇവര്‍ക്ക് 50000 രൂപ ധനസഹായം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി ഡെറാഡൂണിലെ ഡിസാസ്റ്റര്‍ കണ്‍ട്രോള്‍ റൂമിലെത്തി പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സ ഉറപ്പ് വരുത്തണമെന്ന് ഭരണകൂടത്തിന് നിര്‍ദേശം നല്‍കി. അപകടസ്ഥലത്ത് നിന്ന് മൃതദേഹങ്ങള്‍ തിരികെ കൊണ്ടു വരുന്നതിനുള്ള ക്രമീകരണങ്ങള്‍ പുരോഗമിക്കുകയാണ്.

Exit mobile version