ന്യൂഡല്‍ഹി : ഗാന്ധിജിയെ കൂടാതെ കറന്‍സി നോട്ടുകളില്‍ രവീന്ദ്രനാഥ ടാഗോറിന്റെയും എപിജെ അബ്ദുള്‍ കലാമിന്റെയും ചിത്രങ്ങള്‍ ഉള്‍പ്പെടുത്തുന്നത് ആര്‍ബിഐ പരിഗണിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസാണ് റിപ്പോര്‍ട്ട് പുറത്തു വിട്ടത്.
ഇതാദ്യമായാണ് കറന്‍സിയില്‍ മഹാമാത്മാഗാന്ധി ഒഴികെയുള്ള പ്രമുഖ വ്യക്തികളുടെ ചിത്രങ്ങള്‍ കറന്‍സിയില്‍ ഉപയോഗിക്കാന്‍ ആര്‍ബിഐ ആലോചിക്കുന്നത്. ഗാന്ധി,ടാഗോര്‍,കലാം എന്നിവരുടെ ചിത്രങ്ങളുടെ രണ്ട് വ്യത്യസ്ത സെറ്റ് സാമ്പിളുകള്‍ ആര്‍ബിഐയും ധനമന്ത്രാലയത്തിന് കീഴിലുള്ള സെക്യൂരിറ്റി പ്രിന്റിംഗ് ആന്‍സ് മിന്റിങ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയും ഐഐടി ഡല്‍ഹി എമിറേറ്റ്‌സ് പ്രൊഫസര്‍ ദിലീപ് ടി ഷഹാനിക്ക് അയച്ചെന്നും റിപ്പോര്‍ട്ട് പറയുന്നു. ഇലക്ട്രോമാഗ്നെറ്റിക് ഇന്‍സ്ട്രമെന്റേഷനില്‍ സ്‌പെഷ്യലൈസ് ചെയ്യുന്ന ഇദ്ദേഹത്തെ ഈ വര്‍ഷം പദ്മശ്രീ നല്‍കി സര്‍ക്കാര്‍ ആദരിച്ചിരുന്നു. ചിത്രങ്ങള്‍ തിരഞ്ഞെടുത്ത ശേഷം സര്‍ക്കാരിനയയ്ക്കാന്‍ ഇദ്ദേഹത്തിന് നിര്‍ദേശമുണ്ട്.
ചിത്രങ്ങളുടെ അന്തിമ തീരുമാനം ഉന്നത തലത്തില്‍ എടുക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചതായാണ് റിപ്പോര്‍ട്ട്. മൂന്ന് വാട്ടര്‍മാര്‍ക്ക് ചിത്രങ്ങള്‍ക്ക് അനുമതിയുണ്ടെന്ന് നേരത്തേ തന്നെ സൂചനകളുണ്ടായിരുന്നു. ഇതില്‍ ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ലെങ്കിലും ഗാന്ധിജിക്ക് പുറമേ മറ്റ് പ്രമുഖരും നോട്ടില്‍ ഇടം പിടിക്കുമെന്ന് തന്നെയാണ് ലഭിക്കുന്ന വിവരം.