സംഗീതനിശയ്ക്ക് പിന്നാലെ കുഴഞ്ഞുവീണ് മരിച്ച ഗായകൻ കെകെയെ കൃത്യസമയത്ത് ചികിത്സിച്ചിരുന്നെങ്കിൽ ജീവൻ രക്ഷിക്കാമായിരുന്നെന്ന് ഡോക്ടർമാർ. കെകെയുടെ ഹൃദയത്തിൽ ഒന്നിലധികം ബ്ലോക്കുകൾ ഉണ്ടായിരുന്നുവെന്നും ഡോക്ടർമാർ കണ്ടെത്തി. തലച്ചോറിലേക്കുള്ള ഓക്സിജൻ നിലയ്ക്കാതിരിക്കാൻ നെഞ്ചിൽ ശക്തമായി അമർത്തിയും ശ്വാസം നൽകിയും (കാർഡിയോ പൾമനറി റെസസിറ്റേഷൻ സിപിആർ) ശുശ്രൂഷിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാമായിരുന്നു.
ഹൃദയ ധമനികളിൽ പലയിടങ്ങളിലും ബ്ലോക്കുണ്ടായിരുന്നതാണു കെകെയ്ക്കു വേദനയ്ക്കു കാരണമായത്. തോളിലും കൈകളിലും വേദനയുണ്ടെന്ന് സംഗീതപരിപാടിക്ക് മുമ്പ് ഭാര്യയെ വിളിച്ചപ്പോൾ കെകെ പറഞ്ഞിരുന്നു. ദഹനപ്രശ്‌നവുമായി ബന്ധപ്പെട്ടതാണെന്ന് കരുതി കെകെ ധാരാളം ആന്റാസിഡ് മരുന്നുകൾ കഴിച്ചിരുന്നു. പോസ്റ്റുമോർട്ടത്തിൽ ഇവ കണ്ടെത്തിയിട്ടുണ്ട്. ദഹനസംബന്ധമായ പ്രശ്‌നങ്ങൾക്ക് കഴിക്കുന്നതാണ് ആന്റാസിഡുകൾ.
കെകെ വളരെയധികം ആന്റാസിഡുകൾ ഉപയോഗിച്ചിരുന്നതായി അദ്ദേഹത്തിന്റെ ഭാര്യയും വെളിപ്പെടുത്തിയിട്ടുണ്ട്. അതേസമയം, പരിധിയിൽ കവിഞ്ഞ് ആളുകളെ കുത്തിനിറച്ച ഓഡിറ്റോറിയത്തിൽ ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ സുരക്ഷാ ഉദ്യോഗസ്ഥർ ഫയർ എസ്റ്റിംഗ്യൂഷർ ഉപയോഗിച്ചതായും ആരോപണമുണ്ട്.
ചൊവ്വാഴ്ച രാത്രിയാണ് കൊൽക്കത്തയിലെ സംഗീത പരിപാടി കഴിഞ്ഞ് മടങ്ങിയ കെകെ താമസിച്ചിരുന്ന ഒബ്റോയി ഗ്രാൻഡ് ഹോട്ടലിൽ കുഴഞ്ഞു വീണു മരിച്ചത്. തൃശൂർ തിരുവമ്പാടി സ്വദേശി സിഎസ്. മനോന്റെയും പൂങ്കുന്നം സ്വദേശി കനകവല്ലിയുടെയും മകനായ കെകെ (53) ഡൽഹിയിലാണ് ജനിച്ചു വളർന്നത്. ബാല്യകാലസഖി ജ്യോതിയാണു ഭാര്യ. മകൻ നകുൽ, മകൾ താമര.