പാറ്റ്ന: ബിഹാറിൽ രാജി ഭീഷണി മുഴക്കി പത്മശ്രീ പുരസ്‌കാര ജേതാവും ബിജെപി എംഎൽഎയുമായ ഭാഗീരഥി ദേവി. തന്നെ ആരും ബഹുമാനിക്കുന്നില്ലെന്നാരോപിച്ചാണ് രാം നഗർ എംഎൽഎയായ ഭാഗീരഥി ദേവി രാജി പ്രഖ്യാപിക്കുന്നത്. പാർട്ടി കാര്യങ്ങൾ തീരുമാനിക്കുമ്പോൾ ബിജെപി ജില്ലാ കമ്മറ്റി നേതാക്കൾ തന്നെ അവഗണിക്കുകയാണ്. ഇതിനെതിരെ സംസ്ഥാന കമ്മറ്റിക്ക് പരാതി നൽകിയിരുന്നുവെങ്കിലും നടപടി സ്വീകരിച്ചില്ലെന്നും ഭാഗീരഥി ദേവി ആരോപിച്ചു.
‘ഞാനൊരു ദളിത് നേതാവാണ്. പാർട്ടിയിൽ ആരും എന്നെ ബഹുമാനിക്കുന്നില്ല. രാം നഗർ മണ്ഡലത്തിൽ നിന്ന് അഞ്ച് തവണ ഞാൻ വിജയിച്ചു. നേരത്തെ വടക്കൻ പഞ്ചാരൻ ജില്ലയിലായിരുന്നു മണ്ഡലം. ഇപ്പോൾ ഭാഗ ജില്ലയിലും. പുതിയ ജില്ല രീപീകരിച്ചതിന് ശേഷം ജില്ലാ തലത്തിലുള്ള നേതാക്കൾ എംഎൽഎ എന്ന നിലയിലുള്ള ബഹുമാനം തരുന്നില്ല’, ഭാഗീരഥി ദേവി പറഞ്ഞു.
ഇതേ മേഖലയിൽ നിന്നുള്ള പാർട്ടി സംസ്ഥാന അദ്ധ്യക്ഷന് ഒരു വർഷം മുമ്പ് പരാതി നൽകിയിരുന്നു. ജില്ലാ നേതാക്കൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നൽകിയിരുന്നു. അതുണ്ടായില്ലെന്നും ഭാഗീരഥി ആരോപിത്തു. ‘പ്രധാനമന്ത്രി നരേന്ദ്രമോഡിയും ഭാഗയിലെ വോട്ടർമാരുമാണ് എന്റെ ദൈവങ്ങൾ. ജനങ്ങൾ അഞ്ച് തവണ അവരെ സേവിക്കാൻ അവസരം നൽകി.
ഭാഗ ജില്ലാ കമ്മറ്റി രൂപീകരണത്തിന് ശേഷം അതിലെ നേതാക്കൾ എന്നെ ഒരു അവശയായ എംഎൽഎയായാണ് കാണുന്നത്. ഞാൻ പാർട്ടിയെ ശക്തിപ്പെടുത്താൻ പ്രവർത്തിക്കുമ്പോൾ അവർ കോൺഗ്രസിന് വേണ്ടിയാണ് പ്രവർത്തിക്കുന്നത്. എന്നെ അവർ പരിഗണിക്കുന്നില്ല. അത് കൊണ്ട് ഞാൻ പാർട്ടിയിൽ നിന്ന് രാജിവെക്കാമെന്ന് പറഞ്ഞു.’, ഭാഗീരഥി ദേവി പറയുന്നു.