വഡോദര : ലോകത്ത് പ്രചാരമേറി വരുന്നൊരു കാര്യമാണ് സോളോഗമി. പങ്കാളിയില്ലാതെ ഒരാള്‍ സ്വന്തമായി തന്നെത്തന്നെ വിവാഹം ചെയ്യുന്ന കാര്യമാണിത്. ലോകത്തിന്റെ വിവിധയിടങ്ങളില്‍ ഒരു പാട് പേര്‍ ഇത്തരത്തില്‍ അവരവരെത്തന്നെ വിവാഹം ചെയ്തിട്ടുണ്ട്.
ഇന്ത്യയില്‍ ഇത്തരത്തില്‍ സോളോഗമി നടന്നതായി ഇതുവരെ അറിവില്ല. എന്നാല്‍ ഇതിന് തയ്യാറെടുക്കുകയാണ് ഗുജറാത്ത് സ്വദേശിനിയായ ക്ഷമാ ബിന്ദു. ജൂണ്‍ 11നാണ് 24കാരിയായ ക്ഷമയുടെ വിവാഹം. വധുവാകാനുള്ള ആഗ്രഹത്തില്‍ നിന്നാണ് ക്ഷമ ഇത്തരമൊരു തീരുമാനത്തിലെത്തുന്നത്. മറ്റൊരാളുമായുള്ള വിവാഹത്തിന് തനിക്ക് പണ്ടേ താല്പര്യമില്ലായിരുന്നുവെന്നും എന്നാല്‍ വധുവാകാന്‍ അതിയായ താല്പര്യം ഉണ്ടായിരുന്നതിനാല്‍ എന്താണ് വഴി എന്നാലോചിപ്പോഴാണ് സോളോഗമിയെപ്പറ്റി അറിയുന്നതെന്നും ക്ഷമ പറയുന്നു. ഗൂഗിളില്‍ ഒരുപാട് തിരഞ്ഞെങ്കിലും ഇന്ത്യയില്‍ സോളോഗമി നടന്നതായി അറിവില്ലാത്തതിനാല്‍ രാജ്യത്തെ ആദ്യത്തെ മാതൃക താനായിരിക്കുമെന്നും ക്ഷമ കൂട്ടിച്ചേര്‍ത്തു.
SOLOGAMY || 24-year-old #KshamaBindu is all set for her wedding on June 11, with everything in place except a #groom. She's getting married to herself, however a #soloaffair rather say. This is probably the first #selfmarriage, or #sologamy, in #Gujarat pic.twitter.com/mWJuyksXki
— Vaskar Chakraborty (@VaskarC17) June 2, 2022
“എല്ലാവരും അവരവര്‍ക്കിഷ്ടമുള്ളവരെയാണ് കല്യാണം കഴിക്കുന്നത്. എനിക്ക് ഏറ്റവുമിഷ്ടം എന്നെയാണ് അതുകൊണ്ട് എന്നെത്തന്നെ വിവാഹം കഴിക്കാമെന്ന് തീരുമാനിച്ചു. എന്നെ ഞാനായി ഞാന്‍ തന്നെ അംഗീകരിക്കുക കൂടിയാണ് വിവാഹത്തിലൂടെ. മറ്റേത് ബന്ധത്തിലുമുള്ളത് പോലെ വലിയൊരു കമ്മിറ്റ്‌മെന്റ് തന്നെയാണ് എന്റെ വിവാഹത്തിലുമുള്ളത്. സ്ത്രീകള്‍ അംഗീകരിക്കപ്പടേണ്ടവരാണെന്ന് സമൂഹത്തെ ബോധ്യപ്പെടുത്താന്‍ കൂടിയാണ് ചടങ്ങ്.
വീട്ടുകാരുടെ പൂര്‍ണ പിന്തുണയോടെയാണ് വിവാഹം. ബാരാത് ഒഴികെ എല്ലാ ചടങ്ങുകളുമുണ്ടാവും. വരണമാല്യമടക്കം എല്ലാം റെഡിയായി”. ക്ഷമ പറഞ്ഞു.
വിവാഹദിനത്തില്‍ പറയാന്‍ അഞ്ച് പ്രതിജ്ഞള്‍ തയ്യാറാക്കി വെച്ചിട്ടുണ്ട് ക്ഷമ. കൂടാതെ ഹണിമൂണിനായി ഗോവയിലേക്കൊരു ടിക്കറ്റും.