‘ജീവിക്കണം’ : മുസ്ലിം ജീവനക്കാരെ മാറ്റി ഹിന്ദുക്കളെ നിയമിച്ച് മഥുര ഹോട്ടല്‍, പേരും മാറ്റി

ആഗ്ര : ഹിന്ദുത്വവാദികളുടെ ആക്രമണം ഭയന്ന് ഹോട്ടലില്‍ നിന്ന് മുസ്ലിം ജീവനക്കാരെ മാറ്റി നിയമിച്ച് യുപിയിലെ ഹോട്ടലുടമ. ക്ഷേത്രനഗരിയായ മഥുരയില്‍ 50 വര്‍ഷത്തിലേറെയായി താജ് എന്ന പേരില്‍ പ്രവര്‍ത്തിച്ചിരുന്ന ഹോട്ടലിന്റെ ഉടമ മുഹമ്മദ് സമീല്‍ ആണ് മുസ്ലിം ജീവനക്കാരെ മാറ്റി പകരം ഹിന്ദുക്കളെ നിയമിച്ചത്. ഹോട്ടലിന്റെ പേര് റോയല്‍ ഫാമിലി എന്നും മുഹമ്മദ് മാറ്റിയിട്ടുണ്ട്.

മഥുരയില്‍ സംഘ്പരിവാര്‍ സംഘടനകള്‍ ഹിന്ദുത്വ അജണ്ടകള്‍ പ്രചരിപ്പിക്കാന്‍ തുടങ്ങിയതോടെയാണ് മുഹമ്മദ് ഹോട്ടലില്‍ മാറ്റം വരുത്താന്‍ നിശ്ചയിച്ചത്. കുടുംബത്തിന്റെ ആകെയുള്ള വരുമാനം ഹോട്ടലായതിനാല്‍ വേറെ വഴിയില്ലെന്ന് കണ്ടായിരുന്നു തീരുമാനം. ഹോട്ടലിലെ എട്ട് ജീവനക്കാരെയാണ് ഇദ്ദേഹം പിരിച്ചു വിട്ടത്. ഇത് കൂടാതെ മാംസം ഒഴിവാക്കി ഹോട്ടല്‍ പൂര്‍ണ വെജിറ്റേറിയന്‍ ആക്കുകയും ചെയ്തിട്ടുണ്ട്. ചിക്കന് പകരം പനീര്‍ വിഭവങ്ങളാവും ഇനി മുതല്‍ ഹോട്ടലില്‍ ഉണ്ടാവുകയെന്നും അത്തരം വിഭവങ്ങളുണ്ടാക്കുന്നതില്‍ പ്രാവീണ്യമുള്ളവരെയാണ് നിയമിച്ചിരിക്കുന്നതെന്നും മുഹമ്മദ് അറിയിച്ചു.

“ഹോട്ടലിന്റെ പേര് മാറ്റുന്നതിനും ജീവനക്കാരെ മാറ്റി നിയമിക്കുന്നതിനുമൊക്കെയായി മാസങ്ങള്‍ വേണ്ടി വന്നു. ഒരു പാട് നഷ്ടവുമുണ്ടായി. കുടുംബത്തിന്റെ ആകെയുള്ള വരുമാനമായതിനാല്‍ ഇതല്ലാതെ വേറെ നിവൃത്തിയില്ലായിരുന്നു. ആളുകള്‍ക്ക് ബുദ്ധിമുട്ടാവുമെങ്കില്‍ കൗണ്ടറില്‍ നിന്ന് മാറി നില്‍ക്കാനും തയ്യാറാണ്. ജീവിക്കാനനുവദിച്ചാല്‍ മാത്രം മതി. മുസ്ലിം ആയത് കാരണം സംശയദൃഷ്ടിയോടെയാണ് ആളുകളിപ്പോള്‍ നോക്കുന്നത്. വീടുകളില്‍ പോലും ആരും മാംസാഹാരം വയ്ക്കാറില്ല. പശുക്കടത്താരോപിച്ച് തീവ്ര വലതുപക്ഷ അനുയായികള്‍ ചിലപ്പോള്‍ കൊന്നുകളയും. സമാധാനപരമായി സാഹോദര്യത്തോടെ ജീവിച്ചിരുന്ന ഒരു ക്ഷേത്രനഗരിയിലാണ് ഈ അവസ്ഥ എന്നോര്‍ക്കുമ്പോഴാണ് സങ്കടം. മുസ്ലിം ആയി ജീവിക്കുക എന്നത് ഇവിടെ അസാധ്യമായിരിക്കുകയാണ്”. മുഹമ്മദ് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

Exit mobile version