ലക്‌നൗ: അഴിമതിക്കേസ് പുറത്തുകൊണ്ടുവന്നതിന് അക്രമികളുടെ ക്രൂരമായ നായാട്ടിന് ഇരയായ റിങ്കു സിങ് റാഹി ഒടുവിൽ തളരാത്ത പോരാട്ടം കാഴ്ചവെച്ച് സ്വപ്‌നം സ്വന്തമാക്കി. അക്രമികളുടെ തോക്കിൽ നിന്നും ഏഴുതവണ വെടിയേറ്റ റിങ്കു മരണത്തെ പോലും തോൽപ്പിച്ചാണ് സിവിൽ സർവീസിലേക്ക് നടന്നുകയറിയത്.
ഉത്തർപ്രദേശിൽ നിന്നുള്ള റിങ്കു സിങ് യുപിഎസ്സി പരീക്ഷയിൽ 683-ാം റാങ്കാണ് നേടിയത്. സിവിൽ സർവീസസ് പരീക്ഷ എഴുതാനുള്ള അവസാന അവസരത്തിലാണ് വിജയം കണ്ടത്. മുമ്പ് സർക്കാർ സർവീസിലായിരുന്നു ജോലി. സംസ്ഥാന സാമൂഹിക വികസന വകുപ്പിൽ ഉദ്യോഗസ്ഥനായിരിക്കെ 2008-ൽ മുസാഫർനഗറിൽ 83 കോടിയുടെ സ്‌കോളർഷിപ്പ് അഴിമതി കണ്ടെത്തി തകർക്കുന്നതിൽ മുന്നിൽ നിന്നിരുന്നു.
ഈ കേസിൽ പ്രതികളായ നാലുപേർക്ക് പത്തുവർഷത്തെ തടവ് ശിക്ഷയും റിങ്കു സിങിന്റെ ശ്രമഫലമായി ലഭിച്ചിരുന്നു.എന്നാൽ അഴിമതി പുറത്തുവന്നതിന് പിന്നാലെ റിങ്കൂ സിങ്ങിനെ ഒരു സംഘമാളുകൾ ആക്രമിച്ച് മരണാസന്നനാക്കുകയായിരുന്നു. ഏഴ് വട്ടമാണ് അക്രമികൾ റിങ്കു സിങ്ങിനെ വെടിവെച്ചത്. മുഖത്തിനുൾപ്പെടെ വെടിയേറ്റു. ഈ സംഭവത്തോടെ മുഖത്തിന് രൂപമാറ്റം സംഭവിച്ച അദ്ദേഹത്തിന് ഒരു കണ്ണിന്റെ കാഴ്ചയും കേൾവിശക്തിയും നഷ്ടമായിരുന്നു.
‘ എന്റെ വിദ്യാർഥികളാണ് സിവിൽ സർവീസ് പരീക്ഷ എഴുതാൻ ആവശ്യപ്പെട്ടത്. അവരുടെ നിർബന്ധത്തിന് പുറത്താണ് ഞാൻ പരീക്ഷ എഴുതിയത്’,- റിങ്കു സിങ് പറയുന്നു. സംസ്ഥാനത്തെ ഐഎഎസ് കോച്ചിങ് സ്ഥാപനത്തിന്റെ ഡയറക്ടറായിരുന്ന റിങ്കുസിവിൽ സർവീസസ് പരീക്ഷക്ക് തയ്യാറെടുക്കുന്നവർക്ക് പരിശീലനം നൽകി വരികയായിരുന്നു.