ന്യൂഡൽഹി: കോൺഗ്രസ് വിട്ട് പുറത്തു വന്ന യുവ നേതാവ് ഹാർദിക് പട്ടേൽ ജൂൺ രണ്ടിന് ബി.ജെ.പിയിൽ ചേർന്നേയ്ക്കുമെന്ന് റിപ്പോർട്ട്. സഹപ്രവർത്തകർക്കൊപ്പം ഗാന്ധിനഗറിലെ ബി.ജെ.പി ആസ്ഥാനത്തെത്തിയാണ് ഹാർദിക് ബിജെപിയിൽ അംഗത്വം സ്വീകരിക്കുക.
ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ, ബി.ജെ.പി ഗുജറാത്ത് സംസ്ഥാന പ്രസിഡന്റ് സി.ആർ പാട്ടീൽ മറ്റ് മുതിർന്ന നേതാക്കൾ മന്ത്രിമാർ എന്നിവരെല്ലാം പരിപാടിക്കെത്തുമെന്നുമെന്നാണ് വിവരം.
2019-ൽ ആണ് ഹാർദിക് പട്ടേൽ കോൺഗ്രസിലെത്തിയത്. എന്നാൽ പാർട്ടി പരിഗണന നൽകുന്നില്ലെന്ന് ആരോപിച്ചാണ് ഹാർദിക് പട്ടേൽ പാർട്ടി വിട്ടത്. കോൺഗ്രസ് നേതൃത്വത്തിനെതിരേ സോണിയാഗന്ധിക്ക് കത്തെഴുതി രൂക്ഷ വിമർശനവും ഉന്നയിച്ചിരുന്നു.
ബി.ജെ.പിയിൽ ചേരുമെന്ന വാർത്ത ഹാർദിക്കുമായി ബന്ധപ്പെട്ടവർ തള്ളിയെങ്കിലും ഇക്കാര്യത്തിൽ ധാരണയായിട്ടുണ്ടെന്നാണ് ബി.ജെ.പിയോട് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. പാർട്ടിയിൽ ചേരാൻ എഎപി അടക്കമുള്ളവർ ഹാർദിക്കിനെ ക്ഷണിച്ചിരുന്നുവെങ്കിലും തൽക്കാലം ഒരു പാർട്ടിയിലും ചേരുന്നില്ലെന്ന മറുപടിയായിരുന്നു ഹാർദിക് നൽകിയത്.