ചെന്നൈ: ജാതിയും മതവുമില്ലാതെ മൂന്ന് വയസ്സുകാരി മകളെ സ്‌കൂളില്‍ ചേര്‍ക്കാന്‍ മാതാപിതാക്കള്‍ കയറിയിറങ്ങിയത് 22 സ്‌കൂളുകള്‍. ഒടുവില്‍ കലക്ടറേറ്റ് വരെ കയറിയിറങ്ങിയാണ് കോയമ്പത്തൂര്‍ സ്വദേശി നരേഷ് കാര്‍ത്തിക്കും ഭാര്യ ഗായത്രിയുമാണ് മകള്‍ വില്‍മയുടെ സ്‌കൂള്‍ അഡ്മിഷന് വേണ്ടി നടക്കേണ്ടി വന്നത്.
സ്‌കൂള്‍ പ്രവേശന സമയത്ത് കുട്ടികളുടെ ജാതിയും മതവും വ്യക്തമാക്കണമെന്ന തീരുമാനത്തിനെതിരെ, വ്യവസായിയും കോയമ്പത്തൂര്‍ സ്വദേശിയുമായ നരേഷ് കാര്‍ത്തിക്കും ഭാര്യ ഗായത്രിയുമാണ് മകള്‍ വില്‍മക്ക് വേണ്ടി നിയമപോരാട്ടം നടത്തിയത്.
ജാതി ഇല്ലാതെയും രഹിതയും മതമില്ലാതെയും പഠിക്കാനാവുമെന്ന് തെളിയിക്കാന്‍ ഇവര്‍ക്ക് ചെറിയ പ്രയാസങ്ങളൊന്നുമല്ല മറികടക്കേണ്ടി വന്നത്. 22 പ്രൈമറി സ്‌കൂളുകള്‍ മകള്‍ക്ക് പ്രവേശനം നിഷേധിച്ചപ്പോള്‍ ഒടുവില്‍ ദമ്പതികള്‍ കോയമ്പത്തൂര്‍ ജില്ല കലക്ടറെ സമീപിച്ചു കാര്യം ബോധ്യപ്പെടുത്തി.
മകള്‍ക്ക് ജാതിയും മതവുമില്ലെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന് നിവേദനം സമര്‍പ്പിച്ചു. ഇതിന്റെ ഭാഗമായി ജാതിയോ മതമോ അടിസ്ഥാനമാക്കിയുള്ള സര്‍ക്കാര്‍ സംവരണമോ ഇളവുകളോ മകള്‍ക്ക് വേണ്ടെന്നുള്ള സത്യവാങ്മൂലത്തില്‍ ഒപ്പിടാന്‍ നരേഷിനോട് കലക്ടര്‍ ആവശ്യപ്പെട്ടു.
ഒരാഴ്ചക്ക് ശേഷം മതരഹിത, ജാതിരഹിത സര്‍ട്ടിഫിക്കറ്റ് വീട്ടിലെത്തി. ‘ബേബി ജി.എന്‍ വില്‍മ ഒരു ജാതിയിലും മതത്തിലും പെട്ടതല്ലെന്ന് സാക്ഷ്യപ്പെടുത്തുന്നു’ എന്ന് വ്യക്തമാക്കിയ സര്‍ട്ടിഫിക്കറ്റായിരുന്നു അത്.
ഈ സര്‍ട്ടിഫിക്കറ്റ് ഒരു സന്ദേശമാണെന്നും തങ്ങളുടെ പാത പിന്തുടരാന്‍ മറ്റുള്ളവര്‍ക്ക് പ്രചോദനമാകുമെന്നും നരേഷ് പറഞ്ഞു. ഭാരതിയാര്‍, അംബേദ്കര്‍, പെരിയാര്‍ എന്നിവരാണ് തന്റെ പ്രചോദനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.