ബംഗളൂരു: അമ്മയുടെ വിയോഗത്തില്‍ ദുഃഖിതനായ യുവാവ് തന്റെ ബിഎംഡബ്ല്യു X6 കാര്‍ നദിയിലേക്ക് ഓടിച്ചു കയറ്റി. കര്‍ണാടകയിലെ ശ്രീരംഗപട്ടണത്തിലാണ് സംഭവം.
ബംഗളൂരുവിലെ വീട്ടിലേക്ക് മടങ്ങും മുന്‍പാണ് യുവാവ് തന്റെ കാര്‍ നദിയിലേക്ക് ഇടിച്ചിറക്കിയത്.
വെള്ളിയാഴ്ച ഗ്രാമവാസികളും മത്സ്യത്തൊഴിലാളികളും നദിയുടെ നടുവില്‍ ഒരു കടും ചുവപ്പ് കാര്‍ കാണുകയും അപകടമുണ്ടായതായി സംശയിച്ച് പോലീസില്‍ അറിയിക്കുകയും ചെയ്തു. സംഭവം പ്രദേശത്ത് പരിഭ്രാന്തി പരത്തി. കാറിനുള്ളില്‍ ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോ എന്നറിയാന്‍, സാധ്യമായ രക്ഷാപ്രവര്‍ത്തനത്തിനായി നദിയിലേക്ക് ഇറങ്ങാന്‍ എമര്‍ജന്‍സി ഉദ്യോഗസ്ഥരെ പോലീസ് ഉടന്‍ വിളിച്ചുവരുത്തിയെങ്കിലും കാര്‍ ശൂന്യമാണെന്ന് കണ്ടെത്തി.
ഈ കാര്‍ നദിയില്‍ നിന്ന് വലിച്ചെടുത്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ബംഗളൂരുവിലെ മഹാലക്ഷ്മി ലേഔട്ടില്‍ താമസിക്കുന്ന ഒരാളുടേതാണ് കാര്‍ എന്ന് രജിസ്ട്രേഷന് വിശദാംശങ്ങളില്‍ നിന്ന് മനസ്സിലായി.
ബിഎംഡബ്ല്യു X6 കാറിന് ഇന്ത്യയില്‍ ഏകദേശം 1.3 കോടി രൂപ വിലവരും.
കാറിന്റെ ഉടമയെ ചോദ്യം ചെയ്യുന്നതിനായി ശ്രീരംഗപട്ടണത്തിലേക്ക് കൊണ്ടുവന്നപ്പോള്‍ പോലീസിനോട് പരസ്പര ബന്ധമില്ലാത്ത മറുപടിയാണ് ഇയാള്‍ നല്‍കിയത്. ബംഗളൂരുവില്‍ നിന്ന് ആരോ തന്നെ പിന്തുടരുന്നുണ്ടെന്നും കൊല്ലാന്‍ ശ്രമിക്കുകയാണെന്നും ഇത് കാര്‍ വെള്ളത്തിനടിയില്‍ ഒളിപ്പിക്കാന്‍ നിര്‍ബന്ധിതനാക്കിയെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു.
ഇയാളില്‍ നിന്ന് കൃത്യമായ ഉത്തരം ലഭിക്കാത്തതിനെത്തുടര്‍ന്ന്, പോലീസ് ഇയാളുടെ കുടുംബാംഗങ്ങളെ ബന്ധപ്പെട്ടപ്പോള്‍, ഒരു മാസം മുമ്പ് അമ്മയുടെ മരണശേഷം ഇയാള്‍ വിഷാദരോഗത്തിലേക്ക് വഴുതി വീണതായി അറിയിച്ചു. സങ്കടം സഹിച്ച് ബംഗളൂരുവിലെ വീട്ടിലേക്ക് മടങ്ങുന്നതിന് മുമ്പ് കാര്‍ നദിയിലേക്ക് ഓടിച്ചു കയറ്റുകയായിരുന്നു.
ഇയാളുടെ മാനസികാരോഗ്യം കണക്കിലെടുത്ത്, ഒരു കുറ്റവും ചുമത്താതെ പോലീസ് വിട്ടയച്ചു. സംഭവത്തെ തുടര്‍ന്ന് അദ്ദേഹത്തെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂറോ സയന്‍സസില്‍ (നിംഹാന്‍സ്) പ്രവേശിപ്പിച്ചതായി റിപ്പോര്‍ട്ടുണ്ട്.
Discussion about this post