ഏറെ പിന്തുണക്കുന്ന മാതാപിതാക്കൾക്കും സുഹൃത്തുക്കൾക്കും! ഈ ഫലം പ്രതീക്ഷിച്ചില്ലെന്ന് സിവിൽ സർവീസസ് ടോപ്പർ ശ്രുതി ശർമ്മ

ന്യൂഡൽഹി: 2021-ലെ യുപിഎസ്സി സിവിൽ സർവീസ് പരീക്ഷാ ഫലത്തിൽ വനിതകളുടെ മുന്നേറ്റമാണ് കാണാമാകുന്നത്. സിവിൽ സർവീസസ് പരീക്ഷയിൽ ആദ്യത്തെ നാല് റാങ്കുകാരും വനിതകളാണ്. ഒന്നാം റാങ്ക് നേടിയ ശ്രുതി ശർമ്മ തന്റെ നേട്ടം അപ്രതീക്ഷിതമാണെന്നാണ് പ്രതികരിച്ചത്. ഇത്തരമൊരു ഫലം താൻ പ്രതീക്ഷിച്ചിരുന്നില്ലെന്നും ഇത് ആശ്ചര്യമാണെന്നുമായിരുന്നു ശ്രുതിയുടെ ആദ്യപ്രതികരണം.

വളരെയധികം കഠിനാധ്വാനവും ക്ഷമയും ആവശ്യമുള്ള തന്റെ യാത്രയിൽ ഏറെ പിന്തുണക്കുന്ന മാതാപിതാക്കളും സുഹൃത്തുക്കളും തന്നെ സഹായിച്ചതായി ശ്രുതി പറയുന്നു. യുപി സ്വദേശികളായ മാതാപിതാക്കളുടെ മകളാണ് ശ്രുതി. പഠിച്ചതും വളർന്നതുമെല്ലാം ഡൽഹിയിലാണ്. ഡൽഹി യൂണിവേഴ്സിറ്റിയിലെ സെന്റ് സ്റ്റീഫൻസ് കോളേജിലെ പൂർവവിദ്യാർത്ഥിനിയുമാണ്.

ചരിത്രത്തിലായിരുന്നു ശ്രുതിയുടെ ബിരുദം. പിന്നീട് ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിൽ (ജെഎൻയു) ശ്രുതി ചരിത്ര വിഭാഗത്തിൽ ബിരുദാനന്തര ബിരുദത്തിനായി ചേർന്നെങ്കിലും പാതിയിൽ ഉപേക്ഷിച്ച് സിവിൽ സർവീസസിനായി പരിശ്രമിക്കുകയായിരുന്നു.

‘എന്റെ യാത്രയുടെ ഭാഗമായ എല്ലാവർക്കും, പ്രത്യേകിച്ച് എന്റെ മാതാപിതാക്കളോട് കടപ്പാട് അറിയിക്കുന്നു. അവർ അങ്ങേയറ്റം എന്നെ പിന്തുണച്ച എന്റെ സുഹൃത്തുക്കളും വഴികാട്ടികളുമാണ്,’ശ്രുതി പറഞ്ഞു. കഴിഞ്ഞ നാല് വർഷമായി സിവിൽ സർവീസസിനുള്ള തയ്യാറെടുപ്പിലായിരുന്നു. ജാമിയ മില്ലിയ ഇസ്ലാമിയയുടെ റെസിഡൻഷ്യൽ കോച്ചിംഗ് അക്കാദമിയിലാണ് ശ്രുതി ഐഎഎസ് പരിശീലനം നേടിയത്.

also read- സിവിൽ സർവീസസ് പരീക്ഷാഫലം പ്രഖ്യാപിച്ചു; ആദ്യ നാലു റാങ്കുകൾ വനിതകൾക്ക്; മലയാളികളിൽ 21ാം റാങ്കുകാരനും

യുപിഎസ്സി തിങ്കളാഴ്ച പ്രഖ്യാപിച്ച 2021ലെ സിവിൽ സർവീസ് പരീക്ഷയുടെ ഫലത്തിൽ അങ്കിത അഗർവാളും ഗാമിനി സിംഗ്ലയും രണ്ടും മൂന്നും റാങ്കുകൾ നേടി. ഐശ്വര്യ വർമയ്ക്കാണ് നാലാം റാങ്ക്. 685 ഉദ്യോഗാർത്ഥികൾ സിവിൽ സർവീസസ് യോഗ്യത നേടിയതായി യുപിഎസ്സി അറിയിച്ചു. ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ് (ഐഎഎസ്), ഇന്ത്യൻ ഫോറിൻ സർവീസ് (ഐഎഫ്എസ്), ഇന്ത്യൻ പോലീസ് സർവീസ് (ഐപിഎസ്) എന്നിവയിലെ ഉദ്യോഗസ്ഥരെ തിരഞ്ഞെടുക്കുന്നതിനായി യുപിഎസ്സി, പ്രിലിമിനറി, മെയിൻ, ഇന്റർവ്യൂ എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലായാണ് വർഷം തോറും സിവിൽ സർവീസ് പരീക്ഷ നടത്തുന്നത്.

Exit mobile version