രാജസ്ഥാനിൽ ഗർഭിണികളും കുട്ടികളും അടക്കം ഒരു കുടുംബത്തിലെ അഞ്ച് പേരെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. സ്ത്രീധന പീഡനമാണ് മരണകാരണമെന്ന് ആരോപിച്ചു ബന്ധുക്കൾ രംഗത്ത് വന്നു. വീട്ടിൽ നിന്നും രണ്ട് കിലോമീറ്റർ അകലെയുള്ള കിണറ്റിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
ജയ്പൂരിലെ ഡുഡുവിലാണ് മൂന്ന് സഹോദരിമാരുടെയും രണ്ട് കുട്ടികളുടെയും മൃതദേഹം കിണറ്റിൽ കണ്ടെത്തിയത്. രണ്ട് പേർ പൂർണ ഗർഭിണികളായിരുന്നു. സംഭവത്തിൽ സഹോദരങ്ങളായ ഭർത്താക്കൻമാക്കെതിരെ പൊലീസ് കേസെടുത്തു.
ബുധനാഴ്ച മുതൽ കാണാതായ ഇവർക്കായുള്ള തിരച്ചിലിനിടെയാണ് മൃതദേഹങ്ങൾ കിണറ്റിൽ കണ്ടെത്തിയത്. സഹോദരങ്ങളായ മൂന്നുപേരെയാണ് യുവതികൾ വിവാഹം ചെയ്തിരുന്നത്. കലു മീന, മംമ്ത മീന, കമലേഷ് മീന എന്നിവരാണ് മരിച്ചതെന്നും സ്ത്രീധന പീഡനമാണ് മരണകാരണമെന്നും യുവതികളുടെ പിതാവ് പറഞ്ഞു.
സ്ത്രീധനത്തെ ചൊല്ലി ഭർതൃ കുടുംബം മക്കളെ പീഡിപ്പിക്കുന്നതായി നേരത്തെ പൊലീസിൽ പരാതി നൽകിയിരുന്നു. കാണാതായ ദിവസം മക്കളിലൊരാൾ, ഭർത്താവ് സ്ത്രീധനമാവശ്യപ്പെട്ട് ക്രൂരമായി മർദിച്ചുവെന്ന് അറിയിച്ചിരുന്നു എന്നും വീട്ടിലെത്തിയപ്പോൾ മക്കളും പേരക്കുട്ടികളും മരിച്ചു എന്നാണ് മറുപടി ലഭിച്ചതെന്നും പിതാവ് കൂട്ടിച്ചേർത്തു.