ഒറ്റക്കാലുമായി സ്‌കൂളിലേക്ക് പോയി വൈറലായി: സീമ ഇനി രണ്ട് കാലില്‍ തന്നെ സ്‌കൂളിലേക്ക് പോകും; കൃത്രിമ കാല്‍ സമ്മാനിച്ച് വിദ്യാഭ്യാസ വകുപ്പ്

ഒറ്റക്കാലില്‍ നടന്ന് പോകുന്ന വിദ്യാര്‍ഥിനി സീമ ഇനി രണ്ട് കാലില്‍ തന്നെ
സ്‌കൂളിലേക്ക് പോകും. ഒരു കാല്‍ നഷ്ടപ്പെട്ട പത്ത് വയസ്സുകാരി സീമ ദിവസവും 1 കിലോമീറ്റര്‍ നടന്നാണ് സ്‌കൂളില്‍ പോകുന്നത്.

ബീഹാറിലെ ജാമുയി ജില്ലയില്‍ നിന്നുള്ള പത്ത് വയസ്സുകാരി സീമ സ്‌കൂളില്‍ പോകുന്ന വീഡിയോ സോഷ്യല്‍ ലോകത്ത് വൈറലായിരുന്നു. വീഡിയോ മാധ്യമങ്ങളില്‍ വൈറലായതോടെ നിരവധി പേരുടെ ശ്രദ്ധ നേടിയിരുന്നു. അതോടെ നിരവധി സഹായ വാഗ്ദാനങ്ങളാണ് ഈ പെണ്‍കുട്ടിയെ തേടിയെത്തിയത്. തനിയ്ക്ക് പഠിച്ച് അധ്യാപികയാവണമെന്നാണ് ആഗ്രഹമെന്നും സീമ പറഞ്ഞിരുന്നു.

ഇപ്പോഴിതാ സീമ കൃത്രിമ കാല്‍ ധരിച്ചു നില്‍കുന്ന ചിത്രം ഛത്തീസ്ഗഢ് കേഡറിലെ 2009 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ അവനീഷ് ശരണ്‍ പങ്കിട്ടു, വിദ്യാഭ്യാസ വകുപ്പാണ് കൃത്രിമ കാല്‍ നല്‍കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ബീഹാര്‍ സര്‍ക്കാരിന്റെ പെട്ടെന്നുള്ള നടപടി സീമയ്ക്ക് വലിയ സഹായമായിരിക്കുകയാണ്.


സീമയുടെ കഥ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ജാമുയി ജില്ലാ അധികൃതര്‍ അവര്‍ക്ക് ട്രൈസൈക്കിളും സമ്മാനിച്ചിരുന്നു. ബീഹാര്‍ മന്ത്രി ഡോ. അശോക് ചൗധരിയുടെ ശ്രദ്ധയില്‍പ്പെടുകയും അദ്ദേഹം സീമയുടെ വീഡിയോ പങ്കുവയ്ക്കുകയും ചെയ്തിരുന്നു.

തന്റെ സംസ്ഥാനത്തെ കുട്ടികള്‍ തടസ്സങ്ങള്‍ മറികടക്കാന്‍ ആഗ്രഹിക്കുന്നതില്‍ അഭിമാനമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി നിതീഷ് കുമാറിനെ ടാഗ് ചെയ്തുകൊണ്ട്, ”ആവശ്യമായ സഹായം” ഇതിനകം സീമയില്‍ എത്തിയിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.


നടനും മനുഷ്യസ്നേഹിയുമായ സോനു സൂദും സീമയെ സഹായിക്കാന്‍ മുന്നോട്ട് വന്നിരുന്നു. ഒന്നല്ല, രണ്ട് കാലിലുമാണ് സീമ ഇനി സ്‌കൂളിലെത്തുകയെന്ന് അദ്ദേഹം ട്വീറ്റില്‍ പറഞ്ഞു. ”ഞാന്‍ ടിക്കറ്റ് അയയ്ക്കുന്നു, ഇരുകാലുകളിലും നടക്കേണ്ട സമയമായി,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു, തന്റെ എന്‍ജിഒയായ സൂദ് ഫൗണ്ടേഷനെ ടാഗ് ചെയ്യുകയും ചെയ്തു.

Exit mobile version