ആയുര്‍വേദത്തെയും യോഗയെയും ഒരു പ്രത്യേക മതവുമായി ബന്ധിപ്പിക്കുന്നത് ദൗര്‍ഭാഗ്യകരമെന്ന് രാഷ്ട്രപതി

ഭോപ്പാല്‍ : ആയുര്‍വേദത്തെയും യോഗയെയും ഒരു പ്രത്യേക മതവുമായി ബന്ധിപ്പിക്കുന്ന പ്രവണത ദൗര്‍ഭാഗ്യകരമെന്ന് രാഷ്ട്രപതി റാം നാഥ് കോവിന്ദ്. മധ്യപ്രദേശില്‍ ആരോഗ്യ ഭാരതി സംഘടിപ്പിച്ച ആരോഗ്യ മന്ഥന്‍ പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കവേയായിരുന്നു അദ്ദേഹത്തിന്റെ നിരീക്ഷണം.

“ഓരോ വ്യക്തിയും ആരോഗ്യവാനാകുമ്പോള്‍ കുടുംബങ്ങളും ആരോഗ്യപൂര്‍ണമാകും. ഓരോ കുടുംബവും ആരോഗ്യപൂര്‍ണമാകുമ്പോള്‍ ഓരോ ഗ്രാമവും, നഗരവും അതിലൂടെ രാജ്യം മൊത്തമായും ആരോഗ്യസമ്പന്നമാകും. മിതമായ നിരക്കില്‍ എല്ലാവര്‍ക്കും ആരോഗ്യപരമായ സേവനങ്ങള്‍ ലഭ്യമാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ 2017ല്‍ ദേശീയ ആരോഗ്യ നയം പ്രഖ്യാപിച്ചത്. ആ ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ എല്ലാ ജനങ്ങളുടെയും സഹകരണം ആവശ്യമാണ്. ആയുര്‍വേദമോ യോഗയോ എന്ത് തന്നെ ആയിക്കോട്ടെ, ഒരു പ്രത്യേക മതവുമായോ സമുദായവുമായോ ഇതിനെ ബന്ധിപ്പിക്കുന്നത് ദൗര്‍ഭാഗ്യകരമാണ്”. അദ്ദേഹം പറഞ്ഞു.

മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി വെള്ളിയാഴ്ചയാണ് രാഷ്ട്രപതി മധ്യപ്രദേശിലെത്തിയത്. 154 കോടി മുതല്‍മുടക്കുള്ള പത്ത് ആരോഗ്യസ്ഥാപനങ്ങളുടെ ഭൂമിപൂജ ശനിയാഴ്ച രാവിലെ രാഷ്ട്രപതി നിര്‍വഹിച്ചു. ഇന്ന്‌ ഉജ്ജയിനില്‍ നടക്കുന്ന ആയുര്‍വേദ മഹാസമ്മേളനത്തില്‍ പങ്കെടുത്ത ശേഷം ഡല്‍ഹിയിലേക്ക് മടങ്ങും.

Exit mobile version