കലബുർഗി: ഇതരസമുദായത്തിൽപ്പെട്ട പെൺകുട്ടിയുമായുള്ള അടുപ്പത്തെ തുടർന്ന് യുവാവിനെ ദാരുണമായി കൊലപ്പെടുത്തി. കർണാടകയിലെ കലബുർഗി സ്വദേശിയായ വിജയ കാംബ്ലെ ആണ് കൊല്ലപ്പെട്ടത്. 25 വയസായിരുന്നു.
ഒഡീഷയില്‍ പെണ് ഭ്രൂണഹത്യ നടത്തുന്ന സംഘം അറസ്റ്റില്‍
സംഭവത്തിൽ പെൺകുട്ടിയുടെ സഹോദരൻ ഷഹാബുദ്ദീൻ (19), ഇയാളുടെ സുഹൃത്ത് നവാസ് (19) എന്നിവരെ അറസ്റ്റ് ചെയ്തു. വിജയയെ മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമിച്ചാണ് സംഘം കൊലപ്പെടുത്തിയത്. പെൺകുട്ടിയുമായുള്ള അടുപ്പം അവസാനിപ്പിച്ചില്ലെങ്കിൽ കൊലപ്പെടുത്തുമെന്ന് മുൻപുതന്നെ ഭീഷണിയുണ്ടായിരുന്നുവെന്ന് വിജയയുടെ അമ്മ വെളിപ്പെടുത്തി.
തിങ്കളാഴ്ച രാത്രി വാഡിയിലെ റെയിൽവേ പാലത്തിന് സമീപം വെച്ചാണ് കൊലപാതകം നടന്നത്. വിജയയും ഒരു സുഹൃത്തും ഇവിടെ സംസാരിച്ചിരിക്കുന്നതിനിടെ രണ്ട് പേർ എത്തി. തുടർന്ന് വാക്കേറ്റത്തിലേർപ്പെടുകയും മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമിക്കുകയുമായിരുന്നുവെന്ന് സുഹൃത്ത് പറയുന്നു.
ആക്രമണത്തിൽ പരിക്കേറ്റ യുവാവ് സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു. പെൺകുട്ടിയെ വിവാഹം ചെയ്യാൻ വിജയക്ക് താത്പര്യമുണ്ടായിരുന്നു. എന്നാൽ പെൺകുട്ടിയുടെ വീട്ടുകാർക്ക് ബന്ധത്തിൽ താത്പര്യമില്ലായിരുന്നു.
പെൺകുട്ടിയുടെ അച്ഛനും സഹോദരനുമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് വിജയയുടെ അമ്മ ആരോപിക്കുന്നത്. മകനെ കൊലപ്പെടുത്തരുതെന്നും പിൻമാറുമെന്ന് ഉറപ്പ് നൽകിയെങ്കിലും അവർ കൊലപാതകം നടത്തുകയായിരുന്നുവെന്നും വിജയയുടെ അമ്മ ആരോപിച്ചു.
Discussion about this post