നിങ്ങള്‍ തീവ്രമായി ഒരു കാര്യം ആഗ്രഹിച്ചാല്‍ അത് സഫലമാകാന്‍ ഈ ലോകം മുഴുവന്‍ നിങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്ന് പൌലോ കൊയ്ലോ പറഞ്ഞത് അക്ഷരാർത്ഥത്തിൽ യാഥാർത്ഥ്യമാക്കിയിരിക്കുകയാണ് സന്തോഷ് സാഹു എന്ന യാചകന്‍.
കാലുകള്‍ക്ക് സ്വാധീനമില്ലാത്ത അദ്ദേഹം യാത്ര ചെയ്യുന്ന ട്രൈ സൈക്കിളില്‍ ഭാര്യക്ക് യാത്ര ചെയ്യാന്‍ സാധിക്കാതെ വന്നതോടെ ഏറെ ആഗ്രഹിച്ച ടി.വി.എസ് എക്‌സ്.എല്‍.100 മോപ്പഡ് സ്വന്തമാക്കിയാണ് അദ്ദേഹം സോഷ്യൽലോകത്ത് നിറയുന്നത്.
മധ്യപ്രദേശ് ചിന്ദ്‌വാരയിലെ അമര്‍വാര ഗ്രാമവാസിയായ സന്തോഷ് സാഹു എന്ന യാചകന്‍ തനിക്കും ഭാര്യ മുനിക്കും യാത്ര ചെയ്യുന്നതിനായി മോപ്പഡ് സ്വന്തമാക്കിയിരിക്കുന്നത്.
തുച്ഛമായ വരുമാനമുള്ള ഒരു നേരത്തെ ഭക്ഷണത്തിന് പോലും കഷ്ടപ്പെടുന്ന യാചകന്‍ എങ്ങനെ 90,000 രൂപ വിലയുള്ള മോപ്പഡ് സ്വന്തമാക്കി എന്നതാണ് എല്ലാവരെയും അദ്ഭുതപ്പെടുത്തുന്നത്. കഴിഞ്ഞ നാല് വര്‍ഷമായി അദ്ദേഹം യാചിച്ച് നേടുന്ന പണത്തില്‍ നിന്ന് മിച്ചം പിടിച്ച പണം ഉപയോഗിച്ചാണ് സ്വപ്നം യാഥാർത്ഥ്യമാക്കിയിരിക്കുന്നത്.
കാലുകള്‍ തളര്‍ന്ന സന്തോഷിന് നടക്കാന്‍ സാധിക്കില്ല. അതുകൊണ്ടുതന്നെ ഒരു ട്രൈ സൈക്കിളില്‍ ഭാര്യ അദ്ദേഹത്തെ വെച്ച് തള്ളിയാണ് ഭിക്ഷ യാചിക്കുന്നതിനായി കൊണ്ടുപോയിരുന്നത്. എന്നാല്‍, പ്രായാധിക്യത്തിവുഠ നടുവേദനയും തളര്‍ത്തിയതോടെ ഭാര്യക്ക് അദ്ദേഹത്തെ ഇരുത്തി ട്രൈ സൈക്കിളില്‍ യാത്ര ചെയ്യുന്നത് പ്രയാസമായി.
ഇതേതുടര്‍ന്നാണ് അദ്ദേഹത്തിന് ഭാര്യയുമായി യാത്ര ചെയ്യാന്‍ കഴിയുന്ന ഒരു കുഞ്ഞ് വാഹനം വേണമെന്ന് ആഗ്രഹിച്ചു.
തന്റെ ഗ്രാമത്തിലെ പള്ളികളിലും ക്ഷേത്രത്തിലുമാണ് സാധാരണയായി ഇവര്‍ ഭിക്ഷ യാചിക്കുന്നത്. പ്രതിദിനം 300 മുതല്‍ 400 രൂപ വരെ അവര്‍ക്ക് ഇവിടെ നിന്ന് ലഭിച്ചിരുന്നു. ഇത്തരത്തില്‍ ലഭിച്ച പണത്തില്‍ നിന്ന് കഴിഞ്ഞ നാല് വര്‍ഷങ്ങളായി മിച്ചം പിടിച്ച തുക ഉപയോഗിച്ചാണ് സന്തോഷ് ഈ വാഹനം സ്വന്തമാക്കിയിരിക്കുന്നത്.
സന്തോഷിന്റെ കാലുകള്‍ക്ക് സ്വാധീനമില്ലാത്തതിനാല്‍ തന്നെ ഹെവി ഡ്യൂട്ടി വാഹനമായാണ് ഇവരുടെ മോപ്പഡ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. പിന്നില്‍ രണ്ട് വശങ്ങളിലും ചെറിയ ടറുകളാണ് നല്‍കിയിട്ടുള്ളത്. ഇപ്പോള്‍ സന്തോഷാണ് ഈ മോപ്പഡ് ഓടിക്കുന്നത്. ഇത്രയും നാള്‍ തന്നെ ട്രൈ സൈക്കിളില്‍ തള്ളി നടന്നിരുന്ന ഭാര്യയേയും പിന്നിലിരുത്തിയാണ് ഇപ്പോള്‍ സന്തോഷിന്റെ യാത്രകള്‍. ഇനി ഞങ്ങള്‍ക്ക് സിയോനി, ഇറ്റാര്‍സി, ഭോപ്പാല്‍, ഇന്‍ഡോര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ യാത്ര ചെയ്യാന്‍ കഴിയുമെന്നാണ് സന്തോഷ് പറയുന്നത്.