ഹൈദരാബാദ് : തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്റെ അന്ധവിശ്വാസങ്ങളെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. അന്ധവിശ്വാസികള്‍ക്ക് നാടിന്റെ വികസനത്തിനായി ഒന്നും ചെയ്യാനാവില്ലെന്ന് പറഞ്ഞ പ്രധാനമന്ത്രി സന്യാസിയായിരുന്നിട്ടും അന്ധവിശ്വാസങ്ങള്‍ക്ക് ചെവി കൊടുക്കാത്ത ആളാണ് യോഗി ആദിത്യനാഥെന്നും അതില്‍ അദ്ദേഹത്തെ പ്രശംസിക്കുന്നുവെന്നും കൂട്ടിച്ചേര്‍ത്തു.
“ഞാന്‍ ശാസ്ത്രത്തിലും സാങ്കേതികവിദ്യയിലുമാണ് വിശ്വസിക്കുന്നത്. സന്യാസിയായിട്ടും അന്ധവിശ്വാസത്തില്‍ വിശ്വസിക്കാത്ത ആളാണ് യോഗി ആദിത്യനാഥ്. അന്ധവിശ്വാസികള്‍ക്ക് സംസ്ഥാനത്തിന്റെ വികസനത്തിനായി ഒന്നും ചെയ്യാനാവില്ല. അവരില്‍ നിന്ന് തെലങ്കാനയെ രക്ഷിക്കേണ്ടതുണ്ട്”. ഇന്ത്യന്‍ സ്‌കൂള്‍ ഓഫ് ബിസിനസ്സിന്റെ 20ാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് നടത്തിയ ചടങ്ങില്‍ മോഡി പറഞ്ഞു.
അന്ധവിശ്വാസങ്ങളനുസരിച്ച് തീരുമാനങ്ങളെടുക്കുന്നതില്‍ ഏറെ വിമര്‍ശനം നേരിടുന്ന മുഖ്യമന്ത്രിയാണ് കെ ചന്ദ്രശേഖര റാവു. തെലങ്കാന മുഖ്യമന്ത്രിയായി ചിമതലയേറ്റതിന് പിന്നാലെ വാസ്തു അനുസരിച്ച് 50 കോടിയുടെ പുതിയ വീട്ടിലേക്ക് കെസിആര്‍ മാറിയത് ചര്‍ച്ചയായിരുന്നു. വീട്ടില്‍ താമസമാക്കുന്നതിന് മുമ്പ് തന്റെ ഫാം ഹൗസില്‍ വെച്ച് അഞ്ച് ദിവസം നീളുന്ന യാഗവും നടത്തി. യാഗത്തിനെത്തിയ 50000 പേര്‍ക്ക് ഭക്ഷണമൊരുക്കാന്‍ മാത്രം 150 പാചകക്കാര്‍ വേണ്ടി വന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. യാഗത്തിന് ഏഴ് കോടി രൂപയും ചിലവായി. ഇത് സ്വകാര്യ വ്യക്തികള്‍ സ്‌പോണ്‍സര്‍ ചെയ്തതാണെന്നാണ് ഇദ്ദേഹത്തിന്റെ വാദം.
ബീഗംപേട്ടിലെ ഓഫീസ് ക്യാംപ് പുനരുദ്ധരിച്ചാണ് പിന്നീട് കെസിആര്‍ വാര്‍ത്തകളിലിടം പിടിച്ചത്. അഞ്ച് നിലകളില്‍ ആറ് വ്യത്യസ്ത ബ്ലോക്കുകളോട് കൂടിയ സമുച്ചയത്തില്‍ ഭരിക്കുന്നയാള്‍ മറ്റുള്ളവരുടേതിനേക്കാള്‍ ഉയരത്തിലിരിക്കണം എന്ന കെസിആറിന്റെ വിശ്വാസമനുസരിച്ചായിരുന്നു പുനരുദ്ധാരണം.
സംഖ്യാശാസ്ത്രത്തില്‍ വിശ്വസിച്ച് 2018 സെപ്റ്റംബര്‍ ആറിന് നിയമസഭ പിരിച്ചുവിടാന്‍ ശുപാര്‍ശ ചെയ്തതും വാര്‍ത്തയായി. 2014 ജൂണ്‍ 2ന് തെലങ്കാനയുടെ ആദ്യ മുഖ്യമന്ത്രിയായി സ്ഥാനമേറ്റപ്പോള്‍ സ്ത്യപ്രതിജ്ഞ ചെയ്തത് ഉച്ചയ്ക്ക് 12.57നായിരുന്നു. ഇതിന് കാരണവും സംഖ്യാശാസ്ത്രം തന്നെ. ഈ അക്കങ്ങളെല്ലാം കൂട്ടിയാല്‍ 6 എത്തും. തിരഞ്ഞെടുപ്പ് പ്രചരണ സമയത്ത് കെസിആര്‍ സഞ്ചരിച്ച വാഹനങ്ങളുടെയെല്ലാം നമ്പര്‍ പ്ലേറ്റും ഇത്തരത്തില്‍ അക്കങ്ങള്‍ കൂട്ടിയാല്‍ ആറെത്തുന്നവയായിരുന്നു.
പ്രധാനമന്ത്രിയുടെ സന്ദര്‍ശന ദിവസം തന്നെ മുഖ്യമന്ത്രി ബെംഗളൂരുവിലേക്ക് പറന്നത് ചര്‍ച്ചയായിട്ടുണ്ട്.