ബാംഗ്ലൂര്‍: കര്‍ണാടകയില്‍ പത്താം ക്ലാസ് പരീക്ഷ ഒരുമിച്ച് എഴുതി വിജയിച്ച് അച്ഛനും മകനും. 42 വയസുകാരനായ കര്‍ണാടകയിലെ മൈസൂര്‍ സ്വദേശി റഹ്‌മതുള്ളയാണ് 28 വര്‍ഷങ്ങള്‍ക്കു ശേഷം പത്താം തരം കടന്നത്. മുന്‍പ് 3 തവണ പരീക്ഷ എഴുതിയിരുന്നു എങ്കിലും അപ്പോഴൊന്നും റഹ്‌മതുള്ളയ്ക്ക് വിജയിക്കാന്‍ കഴിഞ്ഞിരുന്നില്ല.
എന്നാല്‍, ഇത്തവണ 333 മാര്‍ക്ക് നേടി റഹ്‌മതുള്ള വിജയിച്ചു. റഹ്‌മതുള്ളയുടെ മകന്‍ മുഹമ്മദ് ഫറാനും പത്താം ക്ലാസ് പരീക്ഷ എഴുതിയിരുന്നു. ഫറാന് 98 ശതമാനം മാര്‍ക്കുണ്ട്. ഫറാന്‍ ആണ് റഹ്‌മതുള്ളയെ പഠനത്തില്‍ സഹായിച്ചത്.
തന്റെ പിതാവ് എപ്പോഴും പത്താം ക്ലാസ് പാസാവണമെന്ന് പറഞ്ഞെങ്കിലും തനിക്ക് അത് സാധിച്ചില്ലെന്ന് റഹ്‌മതുള്ള പറഞ്ഞു. എന്നാല്‍, ഏകദേശം 30 വര്‍ഷങ്ങള്‍ക്കു ശേഷം മകന്റെ സഹായത്തോടെ അത് നേടിയെടുക്കാനായി.
പാവപ്പെട്ട കുടുംബത്തിലാണ് താന്‍ ജനിച്ചത്. പത്താം തരം പാസായത് ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള കാര്യങ്ങളിലൊന്നാണ്. 1994ലും 2004ലും ഇതിനു മുന്‍പ് പരീക്ഷ എഴുതിയിരുന്നു. 2004ല്‍ 82 മാര്‍ക്കേ ലഭിച്ചുള്ളൂ.
കഴിഞ്ഞ വര്‍ഷം മകന്റെ നിര്‍ബന്ധപ്രകാരം പരീക്ഷ എഴുതി. പക്ഷേ, 316 മാര്‍ക്കേ ലഭിച്ചുള്ളൂ. പിന്നെ പരീക്ഷ എഴുതണ്ടെന്ന് തീരുമാനിച്ചിരുന്നതാണ്. എന്നാല്‍, ഫറാന്‍ അതിന് അനുവദിച്ചില്ല. അവന്‍ പഠനത്തില്‍ സഹായിച്ചു. അങ്ങനെ 333 മാര്‍ക്ക് നേടി പാസാവാന്‍ സാധിച്ചു എന്നും റഹ്‌മതുള്ള പറഞ്ഞു. തുണിക്കടയിലെ തൊഴിലാളിയാണ് റഹ്‌മതുള്ള.
613 മാര്‍ക്കാണ് ഫറാന്‍ നേടിയത്. കണക്ക്, ഹിന്ദി, സാമൂഹ്യ ശാസ്ത്രം എന്നീ വിഷയങ്ങളില്‍ ഫറാന്‍ 100 മാര്‍ക്കും നേടി.
Discussion about this post