ലക്നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിട്ട കൗമാരക്കാരനെതിരെ വിചിത്ര ശിക്ഷാനടപടി. 15 വയസ്സുകാരനോട് 15 ദിവസം ഗോശാലയില്‍ ജോലി ചെയ്യാനും ബാക്കി 15 ദിവസം പൊതുസ്ഥലം വൃത്തിയാക്കാനും ശിക്ഷ വിധിച്ചു. മൊറാദാബാദിലെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡാണ് 15 വയസ്സുകാരനെതിരെ നടപടിയെടുത്തത്.
യോഗി ആദിത്യനാഥിന്റെ മോര്‍ഫ് ചെയ്ത ചിത്രം പ്രകോപനപരമായ സന്ദേശത്തോടുകൂടി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചുവെന്ന കേസിലാണ് പതിനഞ്ച് വയസ്സുകാരനെ അറസ്റ്റ് ചെയ്യുന്നത്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ സെക്ഷന്‍ 505, ഐടി ആക്ടിലെ സെക്ഷന്‍ 6 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്. കുട്ടിക്കെതിരെ എഫ്ഐആറും സഹസ്വാന് പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
പ്രായവും ആദ്യ കേസാണെന്നതും പരിഗണിച്ച് കുട്ടിക്ക് ശിക്ഷാ ഇളവുകള്‍ നല്‍കിയതായി ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് അറിയിച്ചു. ശിക്ഷക്കൊപ്പം 10,000 രൂപ പിഴയും ചുമത്തിയിട്ടുണ്ട്. സമുദായത്തെ സേവിക്കാനുള്ള മഹത്തായ അവസരമാണ് ഇതിലൂടെ കുട്ടിക്ക് ലഭിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. ജെ.ജെ.ബി പ്രസിഡന്റ് അഞ്ചല്‍ അദാന, അംഗങ്ങളായ പ്രമീള ഗുപ്ത, അരവിന്ദ് കുമാര്‍ ഗുപ്ത എന്നിവരാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിക്കെതിരയുള്ള പ്രകോപനപരമായ പോസ്റ്റിന് ശിക്ഷ വിധിച്ചത്.
Discussion about this post