മൈസൂരു: ഒന്നാം ക്ലാസിൽ ചേർന്നാൽ വെള്ളിനാണയം സമ്മാനമായി നൽകുമെന്ന് പ്രഖ്യാപിച്ച് കർണാടകത്തിലെ ഒരു സർക്കാർസ്‌കൂൾ രംഗത്ത്. വിദ്യാർത്ഥികളെ ആകർഷിക്കാനാണ് പുതിയ പദ്ധതിയുമായി രംഗത്ത് വന്നിരിക്കുന്നത്. മാണ്ഡ്യ ജില്ലയിലെ പാണ്ഡവപുര താലൂക്കിലെ മേലുകോട്ട സർക്കാർ ഹയർ പ്രൈമറി സ്‌കൂളാണ് വ്യത്യസ്ത പ്രഖ്യാപനം നടത്തിയത്.
കന്നഡ മീഡിയത്തിലുള്ള 150 വർഷത്തോളം പഴക്കമുള്ള ബോയ്‌സ് സ്‌കൂളാണിത്. സ്വകാര്യ സ്‌കൂളുകളെ വെല്ലുംവിധം വിദ്യാർഥികൾക്കായി ഒട്ടേറെ സൗകര്യങ്ങൾ 1875-ൽ സ്ഥാപിക്കപ്പെട്ട ഈ സ്‌കൂൾ നൽകുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് പുതിയ അധ്യയനവർഷം മുതൽ വെള്ളിനാണയം സമ്മാനമായി നൽകുന്ന പദ്ധതി ആരംഭിച്ചത്.
കൂടാതെ, യുപി ക്ലാസിലെ വിദ്യാർഥികൾക്കായി പാഠപുസ്തകം, യൂണിഫോം, തിരിച്ചറിയൽ കാർഡ്, പഠനയാത്ര തുടങ്ങിയവ സ്‌കൂൾ സൗജന്യമായി നൽകാറുണ്ട്. പൂർവവിദ്യാർഥി അസോസിയേഷനുമായി ചേർന്ന് സ്‌കൂൾ വികസനസമിതി ‘സ്പോക്കൺ ഇംഗ്ലീഷ്’ പഠിപ്പിക്കാനായി രണ്ട് അധ്യാപകരെയും നിയമിച്ചിട്ടുണ്ട്. വിദ്യാർഥികളെ വീട്ടിലെത്തിക്കാൻ പൂർവവിദ്യാർഥിയായ എൻ.ആർ.ഐ. ഡോക്ടറുടെ സഹായത്തോടെ സൗജന്യ ബസ് സർവീസും ഏർപ്പാടാക്കിയിട്ടുണ്ട്.