ന്യൂഡല്‍ഹി : പാക് യുവതിക്ക് നിര്‍ണായക വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ സംഭവത്തില്‍ സൈനികന്‍ അറസ്റ്റില്‍. ഇന്ത്യന്‍ കരസേനാംഗമായ പ്രദീപ് കുമാറാണ്(24) ശനിയാഴ്ച രാജസ്ഥാന്‍ പോലീസിന്റെ പിടിയിലായത്. പാകിസ്താന്‍ ഐഎസ്‌ഐ ഏജന്റായ യുവതിക്ക് സൈനിക വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതിനാണ് അറസ്റ്റ്.
ജോധ്പൂരില്‍ താമസിക്കുന്ന പ്രദീപ് ഫേസ്ബുക്കിലൂടെയാണ് യുവതിയുമായി പരിചയത്തിലാകുന്നത്. മധ്യപ്രദേശിലെ ഗ്വാളിയാര്‍ സ്വദേശിയായ ഛദം എന്ന് സ്വയം പരിചയപ്പെടുത്തിയ യുവതി ബെംഗളുരുവിലെ ഒരു കോര്‍പ്പറേറ്റ് സ്ഥാപനത്തിലാണ് താന്‍ ജോലി ചെയ്യുന്നതെന്നും പ്രദീപിനെ വിശ്വസിപ്പിച്ചിരുന്നു. വിവാഹത്തിനെന്ന വ്യാജേന ഡല്‍ഹിയിലെത്തിയ പ്രദീപ് സൈന്യത്തിന്റെ നിര്‍ണായക രഹസ്യ രേഖകള്‍ സ്വന്തമാക്കിയ ശേഷം പാക്ക് യുവതിക്ക് ഇവ കൈമാറി. ചിത്രങ്ങള്‍ അടക്കമുള്ള രേഖകളാണ് പ്രദീപ് യുവതിക്ക് ചോര്‍ത്തി നല്‍കിയത്. ഇരുവരും തമ്മില്‍ വാട്‌സ് ആപ്പ് വഴി ആറ് മാസം മുമ്പ് പരസ്പരം ബന്ധപ്പെട്ടിരുന്നതായും അന്വേഷണ സംഘം കണ്ടെത്തി.
Also read : താലിബാന് വെല്ലുവിളി : ചാനലുകളില്‍ മുഖം മറയ്ക്കാതെ വനിതാ അവതാരകര്‍
രഹസ്യ രേഖകള്‍ വാട്‌സ് ആപ്പ് വഴി കൈമാറിയ ശേഷം മറ്റ് സൈനികരെ ബലിയാടാക്കാനും പ്രദീപ് ശ്രമിച്ചിരുന്നതായി ഇന്റലിജന്‍സ് ഡിജി ഉമേഷ് മിശ്ര വ്യക്തമാക്കി. ഇയാളുടെ മറ്റൊരു സുഹൃത്തും കുറ്റകൃത്യത്തില്‍ പങ്കാളിയാണ്. ചോദ്യം ചെയ്യലിനായി മെയ് 18ന് രാജസ്ഥാന്‍ പോലീസ് പ്രദീപിനെ കസ്റ്റഡിയിലെടുത്തിരുന്നു. ഇന്നലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.