പുലിറ്റ്സര്‍ പുരസ്‌കാരം നേടിയ റോയിട്ടേഴ്സ് ഫോട്ടോ ജേണലിസ്റ്റിന് ഇന്ത്യയിലേയ്ക്ക് മടങ്ങാന്‍ സര്‍ക്കാര്‍ അനുമതി നിഷേധിച്ചു. വിസാ വ്യവസ്ഥകള്‍ ലംഘിച്ചെന്ന് ആരോപിച്ചാണ് ഡല്‍ഹി ബ്യൂറോയില്‍ പ്രവര്‍ത്തിക്കുന്ന റോയിട്ടേഴ്സ് ഇന്ത്യ ചീഫ് ഫോട്ടോഗ്രാഫര്‍ കാത്തല്‍ മക്നോട്ടണ് ഇന്ത്യ പ്രവേശനാനുമതി നിഷേധിച്ചത്.
മ്യാന്‍മറിലെ റോഹിംഗ്യ മുസ്ലീങ്ങള്‍ക്കെതിരായ അതിക്രമങ്ങളും റോഹിംഗ്യകളുടെ പലായനവും ദുരിത ജീവിതവും പകര്‍ത്തിയതിനാണ് കാത്തല്‍ മക്നോട്ടണ്‍ അടക്കമുള്ള റോയിട്ടേഴ്സ് ഫോട്ടോ ജേണലിസ്റ്റ് സംഘം പുലിറ്റ്സര്‍ അവാര്‍ഡ് നേടിയത്.
അനുവാദമില്ലാതെ ജമ്മു കാശ്മീരിലെ നിയന്ത്രിത മേഖലകളില്‍ പോയി എന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിസാ ചട്ട ലംഘനമായി ചൂണ്ടിക്കാണിക്കുക്കന്നത്. ഡല്‍ഹി എയര്‍പോര്‍ട്ടിലെത്തിയ മക്നോട്ടനെ തിരിച്ചയയ്ക്കുകയായിരുന്നു എന്ന് ഉദ്യോഗസ്ഥ വൃത്തങ്ങളെ ഉദ്ധരിച്ച് ദ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 2018 ഏപ്രിലില്‍ മക്നോട്ടന്‍ കാശ്മീരിലുണ്ടായിരുന്നു. കത്വ പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനരയായി കൊല്ലപ്പെട്ടതടക്കമുള്ള സംഭവങ്ങള്‍ റിപ്പോര്‍ട്ട് മക്നോട്ടണ്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
പൊലീസിന് നേരെ പ്രതിഷേധക്കാര്‍ കല്ലേറ് നടത്തുന്നതിന്റെ ഫോട്ടോ, ശ്രീനഗറിലെ ഹസ്രത് ബാല്‍ പള്ളിയുടെ ഫോട്ടോ തുടങ്ങിയവയെല്ലാം മക്നോട്ടന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലുണ്ട്. 2018 വളരെ കൗതുകകരമായ വര്‍ഷമാണെന്നും പുലിറ്റ്സര്‍ പുരസ്‌കാരം നേടിയത് മുതല്‍ ഇന്ത്യയിലേയ്ക്ക് മടങ്ങിവരാനുള്ള അനുമതി നിഷേധിക്കപ്പെട്ടത് വരെയുള്ള സംഭവങ്ങള്‍ ചൂണ്ടിക്കാട്ടി കാത്തല്‍ മക്നോട്ടണ്‍ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.
ട്വിറ്റര്‍, ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകളിലെല്ലാം മക്നോട്ടണ്‍ ഇന്ത്യയിലെ റോയിട്ടേഴ്സ് ചീഫ് ഫോട്ടോഗ്രാഫറാണ് എന്ന് തന്നെയാണ് പറയുന്നത്. മേയ് 30ന് ന്യൂയോര്‍ക്കില്‍ പുലിറ്റ്സര്‍ പുരസ്‌കാര ദാന ചടങ്ങില്‍ പങ്കെടുത്തതിന്റെ ഫോട്ടോയുണ്ട്.