ഹൈദരാബാദ്: അന്യജാതിക്കാരിയെ വിവാഹം ചെയ്തതിന് 22 വയസുകാരനെ കുത്തിക്കൊലപ്പെടുത്തി. ഹൈദരാബാദിലെ ബീഗം ബസാറിലെ തെരുവിലാണ് സംഭവം.
നീരജ് പന്‍വാര്‍ എന്ന യുവാവിനെയാണ് നാലംഗ സംഘം കുത്തിക്കൊന്നത്. നീരജിന്റെ ഭാര്യയുടെ കുടുംബം വിവാഹത്തെ എതിര്‍ത്തിരുന്നു. ദുരഭിമാനക്കൊലയാണ് നടന്നതെന്നാണ് പോലീസിന്റെ നിഗമനം.
നീരജ് മാര്‍വാഡി സമുദായത്തില്‍ പെട്ടയാളായിരുന്നു, ഭാര്യ സഞ്ജന യാദവ് സമുദായത്തിലും. സഞ്ജനയുടെ കുടുംബത്തിന്റെ എതിര്‍പ്പ് നിലനില്‍ക്കെ കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് സഞ്ജനയെ വിവാഹം കഴിച്ചത്. വിവാഹത്തോട് പെണ്‍കുട്ടിയുടെ കുടുംബത്തിന് എതിര്‍പ്പുണ്ടായിരുന്നു. ഇവര്‍ക്ക് രണ്ടര മാസം മാത്രം പ്രയമുള്ള ഒരു കുട്ടിയുമുണ്ട്.
നീരജ് പന്‍വാര്‍ ബീഗം ബസാറില്‍ ഒരു കട നടത്തി വരികെയായിരുന്നു. ഹൈദരാബാദിലെ തിരക്കേറിയ ബീഗം ബസാര്‍ മാര്‍ക്കറ്റിലൂടെ ഇരുചക്ര വാഹനത്തില്‍ പോകുമ്പോഴാണ് രാത്രി 7.30ന് നീരജ് ആക്രമിക്കപ്പെട്ടത്. നീരജിനൊപ്പം പിതാവുമുണ്ടായിരുന്നു. ആയുധധാരികളായ നാല് പേര്‍ കത്തികൊണ്ട് കുത്തുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു.
ഗുരുതരമായി പരിക്കേറ്റ നീരജിനെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. കൊലപാതകത്തില്‍ കസിന് പങ്കുണ്ടെന്ന് സംശയിക്കുന്നുവെന്ന് നീരജിന്റെ ഭാര്യ സഞ്ജന മാധ്യമങ്ങളോട് പറഞ്ഞു. നീരജിനെ കൊലപ്പെടുത്തിയവരെ തൂക്കിക്കൊല്ലണമെന്നും സഞ്ജന ആവശ്യപ്പെട്ടു.
കൊലപാതകത്തില്‍ സഞ്ജനയുടെ കുടുംബത്തിന് പങ്കുണ്ടെന്ന് നീരജിന്റെ കുടുംബവും പോലീസിന് മൊഴി നല്‍കി. തങ്ങള്‍ക്ക് ഭീഷണിയുണ്ടെന്ന് നീരജിന്റെ പിതാവ് ജഗദീഷ് നേരത്തെ അഫ്സല്‍ഗഞ്ച് പോലീസിന് പരാതി നല്‍കിയിരുന്നു. നാല് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും ഷാഹിനായത് ഗഞ്ച് സ്റ്റേഷനിലെ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ വൈ അജയ് കുമാര്‍ പറഞ്ഞു. സിസിടിവി ദൃശ്യങ്ങളുടെയും വാഹനങ്ങളുടെ രജിസ്ട്രേഷന്‍ നമ്പറുകളുടെയും അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു.