ആശ്വാസ നടപടി: പെട്രോളിന് 9.50 രൂപയും ഡീസലിന് 7 രൂപയും കുറച്ചു; പാചകവാതക സബ്സിഡി പുന:സ്ഥാപിച്ചു

ന്യൂഡല്‍ഹി: രാജ്യത്ത് വിലക്കയറ്റം രൂക്ഷമാവുന്നതിനിടെ ഇന്ധനവിലയില്‍ നേരിയ ആശ്വാസം. പെട്രോള്‍ ലിറ്ററിന് 9.50 രൂപയും ഡീസലിന് 7 രൂപയും കുറച്ചു. പുതുക്കിയ നിരക്ക് അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വരും. കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമനാണ് ഇക്കാര്യം അറിയിച്ചത്.

പെട്രോള്‍ വില 100 രൂപയ്ക്ക് മുകളിലേക്ക് കുതിച്ചുയര്‍ന്ന സാഹചര്യത്തില്‍ കഴിഞ്ഞ നവംബറില്‍ കേന്ദ്രസര്‍ക്കാര്‍ തീരുവയില്‍ കുറവ് വരുത്തിയിരുന്നു. പിന്നീട് യു.പി, പഞ്ചാബ് ഉള്‍പ്പടെയുള്ള അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന് ശേഷം പല തവണ വില കൂടിയിരുന്നു.

കൊച്ചിയില്‍ പെട്രോള്‍ വില 105.7 രൂപയായും ഡീസല്‍ വില 95.08 രൂപയായും കുറയും. പണപ്പെരുപ്പം രൂക്ഷമായതിന്റെ ഭാഗമായാണ് ഇന്ധന വില കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ബന്ധിതരായത്.

അതേസമയം, ഇന്ധന വില കുറച്ചതിന് പിറകെ കേന്ദ്രം പാചക വാതക സബ്സിഡിയും പുന:സ്ഥാപിച്ചു. ഉജ്ജ്വല്‍ യോജനയില്‍ പെട്ടവര്‍ക്ക് 200 രൂപയാണ് സബ്സിഡി. ഒരു വര്‍ഷം 12 സിലിണ്ടറിന് സബ്‌സിഡി ലഭിക്കും. പണപ്പെരുപ്പം വര്‍ധിച്ച സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ തീരുമാനം.

ഇന്ധനവില വര്‍ധനവ് മൂലം ഭക്ഷ്യവസ്തുക്കളുടെ വില കുത്തനെ ഉയരുന്ന സാഹചര്യമാണുള്ളത്. പാല്‍, പച്ചക്കറി തുടങ്ങിയവയുടെ വില ഉയരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ കടുത്ത പ്രതിഷേധത്തിലാണ്. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് ഇന്ധനവില കുറയ്ക്കുന്നത്.

Exit mobile version