ന്യൂഡല്‍ഹി: ഹിജാബ് അഴിച്ചുമാറ്റാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ്-നെറ്റ് പരീക്ഷ എഴുതാന്‍ സാധിക്കാതിരുന്ന പെണ്‍കുട്ടിക്കായി ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ രംഗത്ത്. സംഭവത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് കമ്മീഷന്‍ യുജിസിക്ക് കത്തയച്ചു. ഹിജാബ് ധരിച്ചെത്തിയ ജാമിയ മില്ലിയ സര്‍വകലാശാല വിദ്യാര്‍ഥിനിയായ ഉമയ്യാ ഖാനെയാണ് അധികൃതര്‍ പരീക്ഷ എഴുതാന്‍ അനുവദിക്കാതിരുന്നത്. ഈ വിദ്യാര്‍ത്ഥിനിയുടെ പരാതിയിലാണ് നടപടി.
ഡിസംബര്‍ 18ന് ഗോവയിലും സമാനമായ സംഭവമുണ്ടായതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. സംഭവം മത ന്യൂനപക്ഷങ്ങള്‍ക്കെതിരായ വിവേചനമാണെന്നും മുഖ്യധാരയില്‍നിന്ന് ന്യൂനപക്ഷ വിഭാഗങ്ങളെ മാറ്റിനിര്‍ത്താനുള്ള ശ്രമമാണെന്നും കമ്മീഷന്‍ നോട്ടീസില്‍ വ്യക്തമാക്കുന്നു. അധികൃതരുടെ ഭാഗത്തുനിന്നുണ്ടായത് നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമായ നടപടിയാണെന്ന് കമ്മീഷന്‍ നിരീക്ഷിച്ചു.
മുസ്ലീം സ്ത്രീകള്‍ക്ക് ഹിജാബ് ധരിച്ച് പരീക്ഷയെഴുതാമെന്ന് കേരള ഹൈക്കോടതി ഉത്തരവുണ്ടെന്ന് കമ്മീഷന്‍ ചൂണ്ടിക്കാണിച്ചു. ഭാവിയില്‍ ഇത്തരം വിവേചനങ്ങള്‍ ഇല്ലാതിരിക്കാന്‍ യുജിസി സ്വീകരിക്കുന്ന നടപടികള്‍ എന്തെല്ലാമാവുമെന്ന് ന്യൂനപക്ഷ കമ്മീഷന്‍ ചോദിച്ചു. ഇത്തവണ നെറ്റ് പരീക്ഷാ ഹാളില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്കെതിരെ വിവിധ കോണുകളില്‍നിന്ന് വിമര്‍ശനമുയര്‍ന്നിരുന്നു.