അഗര്‍ത്തല: വെള്ളപ്പൊക്ക ബാധിത പ്രദേശം സന്ദര്‍ശിക്കുന്നതിനിടെ സ്ത്രീയെ കൊണ്ട് കാല് കഴുകിപ്പിച്ച് എംഎല്‍എ. ത്രിപുരയിലെ ഭരണകക്ഷിയായ ബിജെപി എംഎല്‍എ മിമി മജുംദാറിന്റെ കാല് കഴുകുന്ന വീഡിയോ സോഷ്യല്‍ മീഡിയില്‍ വൈറലായതിന് പിന്നാലെ വിമര്‍ശനം ശക്തമാവുന്നു.
എംഎല്‍എ വെസ്റ്റ് ത്രിപുരയില്‍ വെള്ളപ്പൊക്കബാധിത മേഖല സന്ദര്‍ശിച്ചതിന് ശേഷമാണ് കാല്‍ കഴുകുന്ന വീഡിയോ പുറത്തുവന്നത്. സൂര്യപാരയില്‍ വെള്ളപ്പൊക്കമുണ്ടായതിന് പിന്നാലെയാണ് സ്ഥലം എംഎല്‍എയായ മിമി മജുംദാര്‍ സ്ഥലത്തെത്തിയത്. ഇതിന് പിന്നാലെ ഒരു സ്ത്രീ സോപ്പുപയോഗിച്ച് അവരുടെ കാല് കഴുകുന്നതും തുടയ്ക്കുന്നതുമായ വീഡിയോയാണ് പുറത്തുവന്നത്. വീഡിയോ പ്രചരിച്ചതിന് പിന്നാലെ വ്യാപക വിമര്‍ശനമാണ് എംഎല്‍എയ്ക്കെതിരെ ഉയരുന്നത്.
എന്നാല്‍, തന്നോടുള്ള സ്നേഹക്കൂടുതല്‍ കൊണ്ടാണ് അവര്‍ തന്റെ കാലുകള്‍ കഴുകിയതെന്നായിരുന്നു എംഎല്‍എയുടെ വിശദീകരണം. ഒരു എം.എല്‍.എയോടുള്ള സ്നേഹവും വാത്സല്യവും കൊണ്ടാണ് അവര്‍ എന്റെ കാല് കഴുകിയത്. ഒരു മാതാവിന്റെ സ്നേഹത്തെ ഇത്തരത്തില്‍ കാണരുത്.
ഒരു എംഎല്‍എയ്ക്ക് ജനങ്ങള്‍ എത്രത്തോളം ആദരവ് നല്‍കുന്നു എന്നതിന്റെ തെളിവാണിത്. ഇക്കാലത്ത് ആരും ആരുടേയും കാല് പിടിക്കാന്‍ നിര്‍ബന്ധിക്കില്ല,’ ബിജെപി എംഎല്‍എ പിടിഐയോട് പറഞ്ഞു.
2019 ഉപതെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് സ്‌കൂള്‍ അധ്യാപികയായ മിമി മജുംദാര്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. പാര്‍ട്ടിയില്‍ ചേര്‍ന്നതിന് തൊട്ടുപിന്നാലെയാണ് മിമി തെരഞ്ഞെടുപ്പില്‍ മത്സരിച്ചതും ജയിച്ചതും.