ന്യൂഡൽഹി: ഹൈദരാബാദിൽ വെറ്ററിനറി ഡോക്ടർ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട കേസിലെ പ്രതികൾ അറസ്റ്റിലായതിന് പിന്നാലെ പോലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലായിരുന്നെന്ന് കണ്ടെത്തൽ. കൊലപാതകം ലക്ഷ്യമിട്ട് പ്രതികൾക്ക് നേരെ പോലീസ് ബോധപൂർവം വെടിവെയ്ക്കുകയായിരുന്നുവെന്ന് സുപ്രീം കോടതി നിയോഗിച്ച സമിതി കണ്ടെത്തി. പ്രതികളെ വധിച്ച പത്ത് പോലീസ് ഉദ്യോഗസ്ഥരെ കൊലക്കുറ്റത്തിന് വിചാരണ ചെയ്യണമെന്നും സമിതി ശുപാർശ ചെയ്തു.
2019 നവംബറിൽ വെറ്ററിനറി ഡോക്ടറെ കുട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ നാല് പ്രതികളാണ് പോലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടത്. പോലീസ് കസ്റ്റഡിയിലിരിക്കെ രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ പോലീസ് വെടിവെക്കുകയായിരുന്നു എന്നായിരുന്നു ആദ്യ വിശദീകരണം. 2019 ഡിസംബറിലാണ് തെളിവെടുപ്പിനെത്തിച്ച പ്രതികൾ കൊല്ലപ്പെട്ടത്. ഇവരിൽ മൂന്നുപേർ പ്രായപൂർത്തിയാവാത്തവരായിരുന്നു.
ഹൈദരാബാദ് ഏറ്റുമുട്ടൽ കേസ് അന്വേഷിക്കാൻ സ്വതന്ത്ര സമിതിയെ നിയോഗിക്കണമെന്ന രണ്ട് അഭിഭാഷകരുടെ ആവശ്യം പരിഗണിച്ച് 2019 ഡിസംബർ 12-നാണ് ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് സുപ്രീം കോടതി സമിതിയെ നിയോഗിച്ചത്.
മുൻ സുപ്രീം കോടതി ജഡ്ജി വിഎസ് സിർപുർകർ, ബോംബെ ഹൈക്കോടതി മുൻ ജഡ്ജി രേഖ ബൽദോത്ത, സിബിഐ മുൻ ഡയറക്ടർ ഡിആർ കാർത്തികേയൻ എന്നിവരടങ്ങുന്ന സമിതിയാണ് വിഷയത്തിൽ അന്വേഷണം നടത്തിയത്. തുടർ നടപടികൾക്കായി കേസ് തെലങ്കാന ഹൈക്കോടതിയിലേക്ക് മാറ്റിയിരിക്കുകയാണ്.