മംഗളൂരു: സാമ്പത്തിക സഹായം ചോദിച്ച് മക്കളുടെ ജീവൻ കാത്തുരക്ഷിക്കാൻ പാടുപെടുന്ന മാതാപിതാക്കളെ നാം കണ്ടിട്ടുണ്ട്. എന്നാൽ സ്വന്തം കുഞ്ഞിന്റെ ജീവൻ നിലനിർത്താൻ മുലപ്പാൽ നൽകണമെന്ന അപേക്ഷയുമായി രംഗത്ത് വന്നിരിക്കുകയാണ് ഒരമ്മ. മംഗളൂരു കാർ സ്ട്രീറ്റിലെ അനുഷയെന്ന യുവതിയാണ് കണ്ണീർ അപേക്ഷയുമായി എത്തിയത്. ‘ഒരുമാസം പ്രായമുള്ള തന്റെ കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ മുലപ്പാൽ വേണം… അസുഖത്താൽ തനിക്ക് മുലയൂട്ടാനാകില്ല…’ അനുഷ അപേക്ഷിക്കുന്നു.
കരളലിയിക്കുന്ന അപേക്ഷ സാമൂഹിക മാധ്യമങ്ങളിലും നിറഞ്ഞു. ഇതോടെ മണിക്കൂറുകൾക്കുള്ളിൽ മുലയൂട്ടുന്ന നിരവധി അമ്മമാരിൽ നിന്ന് വിളികളെത്തി. ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളിൽനിന്നൊക്കെയായി 25 പേർ മുലപ്പാൽ നൽകാമെന്ന് പറഞ്ഞെത്തി. ആദ്യം മംഗളൂരുവിനടുത്തുള്ള കാർക്കളയിൽനിന്ന് ലഭിച്ച മുലപ്പാൽ ഭർത്താവ് പോയി കൊണ്ടുവന്നു. പിന്നീട് പൂത്തൂർ, മംഗളൂരു, ബെൽത്തങ്ങാടി തുടങ്ങിയ സ്ഥലങ്ങളിൽനിന്നും കൊണ്ടുവന്നു.
ഗർഭകാലത്ത് രക്തസമ്മർദം വർധിക്കുന്ന രോഗം ബാധിച്ചതാണ് അനുഷയ്ക്ക് വിനയായത്. ഏഴാംമാസത്തിലാണ് കുഞ്ഞിന് ജന്മം നൽകിയത്. 900 ഗ്രാമായിരുന്നു ഭാരം. നഷ്ടപ്പെടുമെന്ന് കരുതിയ കുരുന്ന് ജീവൻ തിരിച്ചുപിടിച്ച് ആശുപത്രി വിടുമ്പോൾ ഡോക്ടർ അനുഷയോട് പറഞ്ഞു ‘രണ്ടുമണിക്കൂർ ഇടവിട്ട് 30 മില്ലീലിറ്റർ മുലപ്പാൽ കുഞ്ഞിന് നൽകണം. എങ്കിലേ രക്ഷപ്പെടൂ’ എന്ന്.
ബംഗളൂരുവിൽ മുലപ്പാൽ ബാങ്കുണ്ട്. പക്ഷേ, അവിടെ പോകാനോ താമസിക്കാനോ ഉള്ള സാമ്പത്തികസ്ഥിതി കുടുംബത്തിനില്ലായിരുന്നു. പിന്നീടാണ് അനുഷ അഭ്യർത്ഥനയുമായി രംഗത്തെത്തിയത്. ഇതോടെയാണ് അമ്മമാരുടെ മുലപ്പാല് ഒഴുകയിയെത്തിയത്. നിലവിൽ മംഗളൂരുവിലുള്ള അഞ്ച് അമ്മമാർ ഇതുവരെ കാണാത്ത ആ കുഞ്ഞിനായി നിത്യേന മുലപ്പാൽ നൽകി വരികയാണ്.
Discussion about this post