സാമൂഹ്യപാഠം പുസ്തകത്തില്‍ നിന്ന് ശ്രീനാരായണ ഗുരുവിനെയും പെരിയാറിനെയും ഒഴിവാക്കി കര്‍ണാടക

ബെംഗളുരു : സാമൂഹ്യ പാഠം പുസ്തകത്തില്‍ നിന്നും ശ്രീനാരായണ ഗുരുവിനെയും പെരിയാറിനെയും കുറിച്ചുള്ള പാഠഭാഗങ്ങള്‍ ഒഴിവാക്കി കര്‍ണാടക. പത്താം ക്ലാസ്സിലെ പുസ്തകത്തില്‍ നിന്നാണ് ഇരുവരെയും കുറിച്ചുള്ള ഭാഗങ്ങള്‍ നീക്കിയിരിക്കുന്നത്.

സിലബസ് പരിഷ്‌കരിക്കാന്‍ ചുമതലയുള്ള വിദഗ്ധ സമിതിയുടെ നിര്‍ദേശപ്രകാരമാണ് മാറ്റങ്ങളെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ വിശദീകരണം. ഇത് ഫൈനല്‍ ഡ്രാഫ്റ്റല്ലെന്നും വെബ്‌സൈറ്റില്‍ അപ് ലോഡ് ചെയ്തത് മാത്രമാണെന്നുമുള്ള വാദവുമായി പാഠപുസ്തകം പുറത്തിറക്കിയ അതോറിറ്റിയും രംഗത്തുണ്ട്.

ആര്‍എസ്എസ് സ്ഥാപകന്‍ ഹെഡ്‌ഗേവാറിന്റെ പ്രസംഗം പാഠഭാഗമായി സര്‍ക്കാര്‍ നേരത്തേ തന്നെ സിലബസില്‍ ഉള്‍പ്പെടുത്തിയിരുന്നു. 2022-23 അ​ധ്യ​യ​ന വ​ര്‍ഷം സം​സ്ഥാ​ന സി​ല​ബ​സി​ല്‍ പ​ത്താം ക്ലാ​സി​ലെ ക​ന്ന​ട ഭാ​ഷാ പു​സ്ത​ക​ത്തി​ലാ​ണ് ഹെ​ഡ്ഗേ​വാ​റു​ടെ പ്ര​സം​ഗം ഉ​ൾ​പ്പെ​ടു​ത്തി​യത്.

ഇ​ട​തു​ചി​ന്ത​ക​രു​ടെ​യും നവോത്ഥാന നായകരുടെയും പു​രോ​ഗ​മ​ന എ​ഴു​ത്തു​കാ​രു​ടെ​യും പാ​ഠ​ഭാ​ഗ​ങ്ങ​ൾ ഒ​ഴി​വാ​ക്കി​യതും ഹെ​ഡ്ഗേ​വാ​റി​ന്‍റെ പ്ര​സം​ഗം ഉ​ൾ​പ്പെ​ടു​ത്തി​യതും ചൂണ്ടിക്കാട്ടി ബിജെപി സ്‌കൂള്‍ സിലബസില്‍ ഹിന്ദുത്വ പ്രത്യയശാസ്ത്രം ഉള്‍പ്പെടുത്തുകയാണെന്നും വിദ്യാഭ്യാസം കാവിവത്കരിക്കുകയാണെന്നും ആരോപിച്ച്‌ രാഷ്ട്രീയപ്പാര്‍ട്ടികളടക്കം മുന്നോട്ട് വന്നിട്ടുണ്ട്.

ശിവഗിരി മഠം സ്ഥാപിച്ചതിന്റെ 90ാമത് വാര്‍ഷികത്തില്‍ ശ്രീനാരായണ ഗുരുവിനെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രസംഗിച്ചത് വെറും നാടകമായിരുന്നുവെന്ന് കോണ്‍ഗ്രസ് ദക്ഷിണ കന്നഡ കമ്മിറ്റി പ്രസിഡന്റ് കെ ഹരീഷ് കുമാര്‍ ആരോപിച്ചു. റിപ്പബ്ലിക്ക് ദിന പരേഡില്‍ നിന്ന് ശ്രീനാരായണ ഗുരുവിന്റെ പ്ലോട്ട് അടങ്ങിയ കേരളത്തിന്റെ ടാബ്ലോയ്ഡ് നിരസിച്ചത് പല തീരുമാനങ്ങളുടെയും തുടക്കം മാത്രമായിരുന്നുവെന്നും ഇപ്പോഴാണ് അതിന് പിന്നിലെ ഉദ്ദേശത്തിന് വ്യക്തത വന്നതെന്നും മുന്‍ കോണ്‍ഗ്രസ് എംഎല്‍എ ജെ ആര്‍ ലോബോ അഭിപ്രായപ്പെട്ടു.

Exit mobile version