ഉച്ചഭക്ഷണത്തിന് ബീഫ് കൊണ്ടുവന്നു : ആസാമില്‍ സര്‍ക്കാര്‍ സ്‌കൂളിലെ പ്രധാനാധ്യാപിക അറസ്റ്റില്‍

ഗുവാഹത്തി : ഉച്ചഭക്ഷണത്തിനായി ബീഫ് കൊണ്ടുവന്നതിന് ആസാമില്‍ പ്രധാനാധ്യാപിക അറസ്റ്റില്‍. ഗോള്‍പാറ ജില്ലയിലുള്ള ഹുര്‍കാചുങ്ഗി സര്‍ക്കാര്‍ സ്‌കൂളിലെ പ്രധാനാധ്യാപിക ദലിമ നെസ്സയാണ് അറസ്റ്റിലായത്. സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

ശനിയാഴ്ച അമ്പത്തിയാറുകാരിയായ ദലിമ സ്‌കൂളില്‍ ഉച്ചഭക്ഷണത്തിനായി ബീഫ് കൊണ്ടുവന്നതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങുന്നത്. ബീഫ് അധ്യാപിക മറ്റ് ജീവനക്കാര്‍ക്കും പങ്ക് വച്ചിരുന്നു. എന്നാല്‍ ചില ജീവനക്കാര്‍ക്ക് ഇതില്‍ ബുദ്ധിമുട്ടുണ്ടായി. ഇതോടെ ഇരു വിഭാഗങ്ങള്‍ക്കുമിടയില്‍ വാക്കുതര്‍ക്കമുണ്ടാവുകയും മാനേജ്‌മെന്റ് പോലീസില്‍ പരാതിപ്പെടുകയുമായിരുന്നു. പിറ്റേ ദിവസം തന്നെ ദലിമയെ ലഖിംപുര്‍ മേഖല പോലീസ് കസ്റ്റഡിയിലെടുത്തു.

കോടതിയില്‍ ഹാജരാക്കിയ ഇവരെ ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. ഉച്ചഭക്ഷണത്തിന്റെ കൂടെ ബീഫ് കൊണ്ടുവന്നുവെന്നും മറ്റുള്ള ജീവനക്കാര്‍ക്ക് അത് നല്‍കിയെന്നുമാണ് മാനേജ്‌മെന്റിന്റെ പരാതി. ഐപിസി 153എ, 295എ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

Exit mobile version