ജയ്പൂർ: രാജസ്ഥാനിൽ ഐസിയുവിൽ ചികിത്സയിൽ കഴിയുന്ന സ്ത്രീയുടെ കൺപോളയിൽ എലി കടിച്ചതായി പരാകി. തളർവാതത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്ന സ്ത്രീയുടെ കരച്ചിൽ കേട്ട് ഓടിയെത്തി നോക്കുമ്പോഴാണ് കണ്ണിൽ നിന്ന് ചോര ഒലിക്കുന്നത് കണ്ടതെന്ന് ഭർത്താവ് പറയുന്നു. സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ മൂന്നംഗ സമിതിക്ക് രൂപം നൽകിയതായും ആശുപത്രി അധികൃതർ അറിയിച്ചു.
കോട്ടയിലെ സർക്കാരിന്റെ കീഴിലുള്ള എംബി ആശുപത്രിയിലാണ് 30 കാരി ചികിത്സയിൽ കഴിയുന്നത്. കൺപോള എലി കടിച്ച സംഭവം ആശുപത്രി അധികൃതർ സമ്മതിക്കുകയും ചെയ്തു. പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം നടന്നത്. ഭയപ്പെടാൻ ഒന്നുമില്ലെന്നും ചികിത്സ നൽകുന്നതായും സൂപ്രണ്ട് നവീൻ സക്സേന അറിയിച്ചു. തളർവാതത്തെ തുടർന്ന് ഭാര്യയ്ക്ക് സംസാരിക്കാൻ പോലും സാധിക്കില്ലെന്ന് ഭർത്താവ് പറയുന്നു. രാത്രി ഭാര്യയുടെ കരച്ചിൽ കേട്ടാണ് എഴുന്നേറ്റത്. പുതപ്പ് മാറ്റി നോക്കിയപ്പോൾ കണ്ണിൽ നിന്ന് രക്തം ഒലിക്കുന്നതാണ് കണ്ടതെന്ന് ഭർത്താവ് പറയുന്നു.
കൺപോളയിലെ മുറിവിൽ നിന്നാണ് രക്തം വന്നത്. ഉടൻ തന്നെ ഡോക്ടർമാരെ വിവരം അറിയിച്ചതായും ഭർത്താവ് കൂട്ടിച്ചേർത്തു. വലതു കൺപോളയ്ക്കാണ് മുറിവ് സംഭവിച്ചത്. കീടങ്ങൾ കടിച്ചതാകാമെന്നായിരുന്നു ഡോക്ടർമാർ ആദ്യം പറഞ്ഞത്. എന്നാൽ പിന്നീട് എലി കടിച്ചതാണെന്ന് ഡോക്ടർമാർ സമ്മതിക്കുകയായിരുന്നു.
Discussion about this post