ഗാന്ധിനഗർ: വിവാഹസമ്മാനം പൊട്ടിത്തെറിച്ച് നവവരന് ഗുരുതര പരിക്ക്. ലതിഷ് ഗാവിത്തിനാണ് അപകടം സംഭവിച്ചത്. ഗുജറാത്തിലെ നവസാരി ജില്ലയിലാണ് അപ്രതീക്ഷിത സംഭവം നടന്നത്. വിവാഹ സമ്മാനമായി കിട്ടിയ പെട്ടി പൊളിക്കുമ്പോഴാണ് പൊട്ടിത്തെറി ഉണ്ടായത്.
അപകടത്തിൽ,നവവരൻറെ സഹോദര പുത്രനായ മൂന്ന് വയസ്സുകാരനും പരിക്കേറ്റിട്ടുണ്ട്. ഇരുവരും ചികിത്സയിൽ തുടരുകയാണ്. പൊട്ടിത്തെറിയിൽ നവവരൻറെ കൈപത്തി അറ്റു. കണ്ണിനും ഗുരുതര പരുക്കേറ്റിട്ടുണ്ട്. ദേഹമാസകലം പൊള്ളലേൽക്കുകയും ചെയ്തു. വധുവിൻറെ സഹോദരിയുടെ മുൻ കാമുകൻ നൽകിയ സമ്മാനമാണ് അപകടമുണ്ടാക്കിയത്.
രണ്ട് മാസം മുൻപാണ് പ്രതിയുമായി സഹോദരി ബന്ധം അവസാനിപ്പിച്ചത്. ഇതിലെ പകയാണ് സ്‌ഫോടകവസ്തു സമ്മാനമായി നൽകാനുള്ള കാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു. സംഭവത്തിൽ രാജുപട്ടേൽ എന്നയാൾക്കെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചു.