മാണ്ഡ്യ : കര്‍ണാടകയിലെ ജാമിയ മസ്ജിദില്‍ ആഞ്ജനേയ വിഗ്രഹാരാധന നടത്താന്‍ അനുവദിക്കണമെന്ന ആവശ്യവുമായി ഹിന്ദുത്വ പ്രവര്‍ത്തകര്‍. മസ്ജിദ് മുമ്പ് ക്ഷേത്രമായിരുന്നുവെന്നും പൂജ നടത്താന്‍ അനുവദിക്കണമെന്നുമാവശ്യപ്പെട്ട് നരേന്ദ്ര മോഡി വിചാര്‍ മഞ്ച് പ്രവര്‍ത്തകരാണ് മാണ്ഡ്യ ഡെപ്യൂട്ടി കമ്മിഷണര്‍ക്ക് അപേക്ഷ നല്‍കിയത്.
ആഞ്ജനേയ ക്ഷേത്രം പിന്നീട് മസ്ജിദ് ആക്കി മാറ്റുകയായിരുന്നുവെന്നും ഇതിന് ചരിത്രപരമായ രേഖകളുണ്ടെന്നും അപേക്ഷയില്‍ പറയുന്നു. പേര്‍ഷ്യന്‍ ഖലീഫയ്ക്കുള്ള കത്തില്‍ ടിപ്പു സുല്‍ത്താന്‍ ഇതേക്കുറിച്ച് എഴുതിയിട്ടുണ്ടെന്നും രേഖകള്‍ പുരാവസ്തു വകുപ്പ് പരിശോധിക്കണമെന്നുമാണ് മറ്റൊരു ആവശ്യം. പള്ളിയുടെ പരിസരത്തെ കുളത്തില്‍ കുളിയ്ക്കാന്‍ അനുമതി നല്‍കണമെന്ന ആവശ്യവും ഇവര്‍ ഉന്നയിക്കുന്നുണ്ട്.
മസ്ജിദ് മുമ്പ് ക്ഷേത്രമായിരുന്നുവെന്ന കാര്യം മുസ്ലിം നേതാക്കള്‍ പോലും സമ്മതിക്കുന്നുണ്ടെന്നാണ് മുന്‍ കര്‍ണാടക മന്ത്രി കെഎസ് ഈശ്വരപ്പ സംഭവത്തോട് പ്രതികരിച്ചത്. ഏകദേശം 36000 ക്ഷേത്രങ്ങള്‍ മുഗള്‍ ഭരണകാലത്ത് നശിപ്പിച്ചിട്ടുണ്ടെന്നും കൂടുതല്‍ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കാതെ സുപ്രീം കോടതിയുടെ അനുമതിയോട് കൂടിത്തന്നെ ഇവയെല്ലാം തിരിച്ചു പിടിക്കുമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യം മുഴുവന്‍ ഉറ്റുനോക്കുന്ന ഗ്യാന്‍വാപി മസ്ജിദ് വിഷയത്തിന് പിന്നാലെയാണ് കൂടുതല്‍ മസ്ജിദുകള്‍ ക്ഷേത്രമായിരുന്നുവെന്ന തരത്തില്‍ അവകാശവാദങ്ങളുമായി ഹിന്ദുത്വ പ്രവര്‍ത്തകര്‍ രംഗത്തെത്തുന്നത്. പള്ളിയിലെ കുളം വറ്റിച്ചപ്പോള്‍ ശിവലിംഗം കണ്ടെന്ന പരാതിയില്‍ ഗ്യാന്‍വാപി മസ്ജിദിന്റെ ഒരു ഭാഗം അടച്ചിടാന്‍ കോടതി ഉത്തരവിട്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം താജ്മഹലില്‍ ഹിന്ദു വിഗ്രഹങ്ങളുണ്ടോ എന്ന് പരിശോധിക്കണമെന്ന് കാട്ടി അപേക്ഷിച്ച ഹര്‍ജിയില്‍ അലഹബാദ് ഹൈക്കോടതി രൂക്ഷ വിമര്‍ശനമുയര്‍ത്തിയിരുന്നു.