വാറങ്കൽ: ഡോക്ടർ കാണിച്ച അനാസ്ഥ കാരണം നാലുവയസുകാരിക്ക് കൈപ്പത്തി നഷ്ടമായ സംഭവത്തിൽ ഒടുവിൽ നീതി. 19 വർഷങ്ങൾക്ക് ശേഷമാണ് കുടുംബത്തിന്റെ നീതിക്കായുള്ള പോരാട്ടം ഫലം കണ്ടത്. 2003ൽ തെലങ്കാനയിലെ വാറങ്കൽ ജില്ലയിലെ ഹനുമകൊണ്ടയിലായിരുന്നു സംഭവം. സലൈൻ നൽകാനുള്ള ഇൻജക്ഷൻ ട്രിപ്പ് ശരിയായി സ്ഥാപിക്കാത്തതിനാൽ സൗമ്യ എന്ന നാലുവയസുകാരിക്കാണ് അന്ന് കൈപ്പത്തി മുറിച്ചുമാറ്റേണ്ടിവന്നത്.
2003ൽ പനി ബാധിച്ച് നാലുവയസുകാരിയായ മകളെ ഹനുമകൊണ്ടയിലെ അമൃത നഴ്സിങ് ഹോമിലാണ് പ്രവേശിപ്പിച്ചിരുന്നത്. അവിടുത്തെ ഡോക്ടറായിരുന്ന ഡോക്ടർ ജി രമേശ് ഇൻജക്ഷൻ ട്രിപ്പ് ശരിയായി സ്ഥാപിക്കാതെ സലൈൻ നൽകുകയും രണ്ട് ദിവസത്തെ ചികിത്സയ്ക്ക് ശേഷം കുട്ടിയെ ഡിസ്ചാർജ് ചെയ്യുകയും ചെയ്തു.
തുടർന്ന് സലൈൻ കുത്തിവച്ച കുട്ടിയുടെ വലതുകൈയിൽ നീരുവരുകയും വേദന കൂടുകയും ചെയ്തു. ഇതോടെ കുട്ടിയുടെ മാതാപിതാക്കൾ വീണ്ടും ഡോക്ടറെ സമീപിച്ചുവെങ്കിലും അവർ ഹൈദരാബാദിലെ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകാനായിരുന്നു ഡോക്ടർ നിർദേശിച്ചത്. സ്വകാര്യ ആശുപത്രിയിലെ ചികിത്സാചെലവ് താങ്ങാനാകാതെ കുടുംബം വാറങ്കൽ എംജിഎം ആശുപത്രിയുമായി ബന്ധപ്പെട്ടു. ഇവിടെ വച്ച് കുട്ടിയുടെ രോഗം ബാധിച്ച കൈപ്പത്തി നീക്കം ചെയ്യുകയായിരുന്നു.
19 വർഷങ്ങൾക്ക് ശേഷം കേസ് പരിഗണിച്ച സംസ്ഥാന ഉപഭോക്തൃ കമ്മീഷൻ ഇരയ്ക്ക് ഏഴു ശതമാനം പലിശ ഉൾപ്പെടെ 16 ലക്ഷം രൂപ നഷ്ടരിഹാരം നൽകണമെന്നാണ് വിധിച്ചിരിക്കുന്നത്. പ്രതിയായ ഡോക്ടർ ജി രമേശും യുണൈറ്റഡ് ഇൻഷുറൻസ് കമ്പനിയും നഷ്ടപരിഹാരതുക കുട്ടിയുടെ കുടുംബത്തിന് നൽകണമെന്നും കമ്മീഷൻ അറിയിച്ചു.
ഡോക്ടറുടെ അനാസ്ഥ മൂലം മകൾ അംഗവൈകല്യം സംഭവിച്ചുവെന്ന് കാണിച്ച് സൗമ്യയുടെ പിതാവ് രമേഷ്ബാബുവാണ് ജില്ലാ ഉപഭോക്തൃ ഫോറത്തെ സമീപിച്ചത്. ഇരയുടെ കുടുംബത്തിന് വേണ്ടി അഡ്വ. വി ഗൗരിശങ്കര റാവു ഹാജരായി.