‘കീറിയ ജീന്‍സ് ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഭാഗമല്ല’ : നിലപാടിലുറച്ച് നില്‍ക്കുന്നുവെന്ന് ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രി

ഡെറാഡൂണ്‍ : കീറിയ ജീന്‍സ് ധരിക്കുന്നത് ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഭാഗമല്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രി തിരത് സിങ് റാവത്ത്. സ്ത്രീകള്‍ റിപ്പ്ഡ് ജീന്‍സ് ധരിക്കുന്നതിനെ വിമര്‍ശിച്ച് കഴിഞ്ഞ വര്‍ഷം റാവത്ത് വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഈ അഭിപ്രായങ്ങളില്‍ തെല്ലിട മാറ്റമില്ലെന്നാണ് ദേശീയ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ റാവത്ത് ആവര്‍ത്തിച്ചിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് റിപ്പ്ഡ് ജീന്‍സിനെതിരെ വിവാദ പ്രസ്താവനയുമായി റാവത്ത് രംഗത്തെത്തിയത്. ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി സ്ഥാനമേറ്റതിന് തൊട്ടുപിന്നാലെയായിരുന്നു പ്രസ്താവന. ഒരു യുവതി കുട്ടികളുമായി ഫ്‌ളൈറ്റില്‍ കയറാനെത്തിയത് റിപ്പ്ഡ് ജീന്‍സ് ധരിച്ചാണെന്നതായിരുന്നു വിവാദ പ്രസ്താവനയിലേക്ക് നയിച്ചത്. താനത് കണ്ട് ഞെട്ടിയെന്നും എന്ത് സന്ദേശമാണ് ഈ സ്ത്രീകള്‍ കുട്ടികളടക്കമുള്ള സമൂഹത്തിന് നല്‍കുന്നതെന്നും സംസ്‌കാരം വീട്ടില്‍ നിന്നാണ് തുടങ്ങേണ്ടതെന്നുമായിരുന്നു റാവത്തിന്റെ പരാമര്‍ശം.

സംഭവം വിവാദമായതോടെ രാഷ്ട്രീയ പാര്‍ട്ടികളടക്കം നിരവധി പേര്‍ റാവത്തിനെതിരെ രംഗത്തെത്തി. ഒടുവില്‍ ഇദ്ദേഹം പരസ്യമായി മാപ്പ് പറഞ്ഞെങ്കിലും കീറിയ ജീന്‍സ് ധരിക്കുന്നത് നല്ലതല്ലെന്ന അഭിപ്രായത്തില്‍ ഉറച്ചു നില്‍ക്കുന്നതായി അറിയിച്ചു. ജീന്‍സിനോട് തനിക്ക് ഒരു വിരോധവുമില്ലെന്നും കീറിയ ജീന്‍സിനോട് മാത്രമാണ് പ്രശ്‌നമെന്നുമായിരുന്നു പരസ്യപ്രസ്താവന. ഇതിന് പിന്നാലെ നാല് മാസങ്ങള്‍ക്ക് ശേഷം ഇദ്ദേഹം മുഖ്യമന്ത്രി സ്ഥാനം രാജി വെച്ചു. പിന്നീട് ഇപ്പോഴാണ് വിവാദ പ്രസ്താവനയുമായി വീണ്ടും വാര്‍ത്തകളിലിടം പിടിക്കുന്നത്.

Exit mobile version