ന്യൂഡല്‍ഹി: മോഡി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന 2014 മെയ് മാസത്തിനു ശേഷം പരസ്യങ്ങള്‍ക്ക് വേണ്ടി മാത്രം ചെലവിട്ടത് 5245.73 കോടി രൂപയെന്ന് തുറന്ന് പറച്ചില്‍. കേന്ദ്രമന്ത്രി രാജ്യവര്‍ധന്‍ സിങ് റാത്തോറാണ് പാര്‍ലമെന്റില്‍ ഇക്കാര്യം അറിയിച്ചത്.
2282 കോടി അച്ചടി മാധ്യമങ്ങളിലെ പരസ്യങ്ങള്‍ക്കായും 2312.59 കോടി ഇലക്ട്രോണിക് മാധ്യമങ്ങളിലെ പരസ്യങ്ങള്‍ക്കായും ചിലവഴിച്ചു. 651.14 കോടിയാണ് ഔട്ട്ഡോര്‍ പബ്ലിസിറ്റിക്കായി ചിലവഴിച്ചത്. അധികാരത്തിലെത്തി ആദ്യത്തെ വര്‍ഷം 979.78 കോടിയാണ് മോഡി സര്‍ക്കാര്‍ പരസ്യങ്ങള്‍ക്കായി ചിലവാക്കിയത്. ഇതില്‍ 424.84 കോടി അച്ചടി മാധ്യമങ്ങളിലും 473.67 കോടി ദൃശ്യ, ശ്രവ്യ മാധ്യമങ്ങളിലും പരസ്യം നല്‍കാന്‍ വേണ്ടിയാണ് ചിലവഴിച്ചത്. 81.27കോടി രൂപ ഔട്ട്ഡോര്‍ പബ്ലിസിറ്റിക്കുവേണ്ടിയും മോഡി സര്‍ക്കാര്‍ ചിലവഴിച്ചു.
തൊട്ടടുത്തവര്‍ഷം ഈ തുക കുത്തനെ ഉയരുകയാണ് ചെയ്തത്. 1160.16 കോടി രൂപയാണ് മോഡി രണ്ടാം വര്‍ഷത്തില്‍ സര്‍ക്കാര്‍ ചിലവഴിച്ചത്. ഇതില്‍ 508.22 കോടി പ്രിന്റിലും 531.60 കോടി ഇലക്ട്രോണിക്, ശ്രവ്യ മാധ്യമങ്ങളിലും 120.34 കോടി ഔട്ട്ഡോര്‍ പബ്ലിസിറ്റിക്കും വേണ്ടി ചിലവഴിച്ചു.
മൂന്നാംവര്‍ഷം പരസ്യങ്ങള്‍ക്കായുള്ള ചിലവാക്കിയ തുക ഉയര്‍ന്നു. 1264.26 കോടിയാണ് മൂന്നാംവര്‍ഷം മോഡി സര്‍ക്കാര്‍ ചിലവഴിച്ചത്. 2017-18 കാലയളവില്‍ 1313.57 കോടിയാണ് ചിലവഴിച്ചത്.