അഹമ്മദാബാദ്: ഗ്രാമത്തിലെ റോഡുകൾ മോശമാണെന്നും തന്റെ ആഡംബര കാറിന് പോകാനും സാധിക്കുന്നില്ലെന്ന് പറഞ്ഞ് താലികെട്ടിയ പെണ്ണിനെ ഉപേക്ഷിച്ച് വരൻ മുങ്ങി. അതേസമയം, വധുവിന്റെ വീട്ടുകാർ നൽകിയ സ്ത്രീധനം മുഴുവനും വരനും കൂട്ടരും കൊണ്ടുപോയിട്ടുണ്ട്. ഗുജറാത്തിലെ നപാഡ് വാന്തോ ഗ്രാമത്തിൽ മെയ് 12-ാം തീയതി നടന്ന വിവാഹചടങ്ങിലാണ് നാടകീയസംഭവങ്ങൾ അരങ്ങേറിയത്.
വല്ലഭ് വിദ്യാനഗർ സ്വദേശിയായ യുവാവുമായാണ് നപാഡ് സ്വദേശിയായ യുവതിയുടെ വിവാഹം നിശ്ചയിച്ചിരുന്നത്. മെയ് 12-ന് വിവാഹദിവസം ആഡംബര സെഡാനിലാണ് വരൻ വിവാഹവേദിയിലെത്തിയത്. എന്നാൽ വേദിയിലെത്തിയത് മുതൽ ഇയാൾ വധുവിന്റെ ബന്ധുക്കളുമായി ദേഷ്യപ്പെടുകയും തർക്കത്തിലാവുകയും ചെയ്തു. ഒടുവിൽ വരനെ അനുനയിപ്പിച്ചാണ് ബന്ധുക്കൾ ചടങ്ങ് നടത്താൻ സമ്മതിപ്പിച്ചത്. എന്നാൽ വിവാഹചടങ്ങുകൾ കഴിഞ്ഞതിന് പിന്നാലെ ഗ്രാമത്തിലെ റോഡുകളെക്കുറിച്ചായി വരന്റെ പരാതി.
തന്റെ കാറിന് ഈ റോഡുകളിലൂടെ വരാനാകില്ലെന്ന് പറഞ്ഞ് ഇയാൾ ബഹളംവെയ്ക്കുകയായിരുന്നു. തുടർന്ന് വധുവിനെ കൂട്ടാതെ വരനും കൂട്ടരും വിവാഹവേദിയിൽനിന്ന് മടങ്ങുകയും ചെയ്തു. വർഷങ്ങൾക്ക് മുമ്പ് പിതാവ് മരിച്ചതിനാൽ സഹോദരനാണ് വധുവിന്റെ വിവാഹത്തിനുള്ള ചിലവുകൾ വഹിച്ചിരിക്കുന്നത്. കഷ്ടപ്പെട്ട് സമ്പാദിച്ച സ്ത്രീധനം പോലും കൊണ്ടുപോവുകയും ചെയ്തു.
ഒടുവിൽ വിവാഹചടങ്ങുകൾ ഇങ്ങനെ അവസാനിച്ചതോടെ വധുവിന്റെ കുടുംബം പ്രദേശത്തെ ഒരു എൻ.ജി.ഒ.യെ സമീപിക്കുകയായിരുന്നു. സംഭവത്തിൽ വരന്റെ കുടുംബത്തെ അനുനയിപ്പിച്ച് കാര്യങ്ങൾ പറഞ്ഞുമനസിലാക്കാൻ ശ്രമിക്കുകയാണെന്നും ഇത് ഫലംകണ്ടില്ലെങ്കിൽ പോലീസിൽ പരാതി നൽകുമെന്നും എൻ.ജി.ഒ. ഭാരവാഹികൾ അറിയിച്ചു.