ഇന്ത്യൻ പൗരത്വം തെളിയിക്കാനുള്ള എൺപത്തിമൂന്നുകാരിയുടെ വർഷങ്ങൾ നീണ്ട പോരാട്ടം വിജയത്തിൽ കലാശിച്ചു. 22 വർഷം മുമ്പ് പൗരത്വം ചോദ്യം ചെയ്യപ്പെട്ട അസമിലെ കച്ചാർ ജില്ലയിൽ താമസിക്കുന്ന അകോൽ റാണി നാമസൂദ്രയെ അവസാനം ഇന്ത്യൻ പൗരയായി ഫോറിനേഴ്സ് ട്രിബ്യൂണൽ അംഗീകരിച്ചതോടെയാണ് 83കാരിയുടെ പോരാട്ടം വിജയം കണ്ടത്.
പൗരത്വം സാധൂകരിക്കുന്ന രേഖകൾ നൽകാൻ കഴിഞ്ഞതിനെത്തുടർന്നാണ് ഫോറിനേഴ്സ് ട്രിബ്യൂണൽ ബുധനാഴ്ച ഇവരെ ഇന്ത്യൻ പൗരയായി പ്രഖ്യാപിച്ചത്. പൗരത്വം തെളിയിക്കുന്നതിനുള്ള രേഖകൾ ഹാജരാക്കണം എന്നാവശ്യപ്പെട്ട് കഴിഞ്ഞ ഫെബ്രുവരിയിൽ ഫോറിനേഴ്സ് ട്രിബ്യൂണൽ ഇവർക്ക് നോട്ടീസ് അയച്ചിരുന്നു. 1971 ന് ശേഷം ഇന്ത്യയിൽ അനധികൃതമായി പ്രവേശിച്ചുവെന്ന് ആരോപിച്ച് 2000-ൽ രജിസ്റ്റർ ചെയ്ത കേസിന്റെ അടിസ്ഥാനത്തിലാണ് അകോൽ റാണി നാമസൂദ്രയ്ക്ക് എഫ്ടി നോട്ടീസ് നൽകിയത്.
സമാനമായ ഒരു നോട്ടീസിന്റെ പേരിൽ അകോൾ റാണി നാമസൂദ്രയുടെ മകൻ ആത്മഹത്യ ചെയ്തതായി ആരോപിക്കപ്പെട്ടതിന് ഒരു ദശാബ്ദത്തിന് ശേഷമാണ് പൗരത്വ പ്രഖ്യാപനം വരുന്നത്. പൗരത്വം തെളിയിക്കാൻ ഫോറിനേഴ്സ് ട്രിബ്യൂണലിൽ നിന്ന് നോട്ടീസ് ലഭിച്ചതിനെ തുടർന്ന് 2012ൽ ആണ് അകോൽ റാണിയുടെ 40 വയസ്സുള്ള മകൻ അർജുൻ നാമസൂദ്ര ജീവനൊടുക്കിയത്.
ജയിലിൽ ആകുമോ എന്ന ഭയത്തിൽ അദ്ദേഹം ആത്മഹത്യ ചെയ്തുവെന്നാണ് സംഭവത്തിൽ കുടുംബത്തിന്റെ ആരോപണം. 2012-ൽ അകോലിന്റെ മകൾ അഞ്ജലിക്കും നോട്ടീസ് ലഭിച്ചിരുന്നു. എന്നാൽ, അറസ്റ്റ് ചെയ്ത് ബംഗ്ലാദേശിലേക്ക് അയക്കുമെന്ന ഭയത്താലാണ് അർജുൻ ആത്മഹത്യ ചെയ്തതെന്ന് അദ്ദേഹത്തിന്റെ കുടുംബം പറഞ്ഞു. ഒരു വർഷത്തിനുശേഷം, കുടുംബം കോടതിയിൽ ഹാജരാകുകയും 2013-ൽ അദ്ദേഹത്തെ ‘ഇന്ത്യൻ പൗരനായി ‘ പ്രഖ്യാപിക്കുകയും ചെയ്തു. രണ്ട് വർഷത്തിന് ശേഷം അഞ്ജലിയെയും ട്രിബ്യൂണൽ ഇന്ത്യക്കാരിയായി പ്രഖ്യാപിച്ചിരുന്നു.