ന്യൂഡൽഹി: ‘അനുസരണ’ ഇല്ലാത്തതിന്റെ പേരിൽ ഉത്തർപ്രദേശ് പൊലീസ് മേധാവിയുടെ തൊപ്പി തെറിപ്പിച്ച് യോഗി സർക്കാർ. തൽസ്ഥാനത്തുനിന്ന് നീക്കിയാണ് സർക്കാർ നടപടി സ്വീകരിച്ചത്. ജോലിയിൽ താൽപര്യം കാട്ടുന്നില്ല, ഉത്തരവുകൾ അനുസരിക്കുന്നില്ല തുടങ്ങിയ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഡിജിപി മുകുൾ ഗോയലിനെ സിവിൽ ഡിഫൻസ് വകുപ്പിലെ അപ്രധാന ചുമതലയിലേക്കു മാറ്റിയെന്നു സംസ്ഥാന സർക്കാർ അറിയിക്കുന്നു.
എഡിജിപി പ്രശാന്ത് കുമാറിനാണ് ഇപ്പോൾ ചുമതല നൽകിയിരിക്കുന്നത്. മുകുൾ ഗോയലിന്റെ പ്രവർത്തനത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് നേരത്തെ തന്നെ അതൃപ്തിയുള്ളതായി റിപ്പോർട്ടുണ്ടായിരുന്നു. സംസ്ഥാനത്തിന്റെ ക്രമസമാധാനനില വിലയിരുത്താനായി കഴിഞ്ഞ മാസം യോഗി ആദിത്യനാഥ് വിളിച്ചു ചേർത്ത സുപ്രധാന യോഗത്തിൽ ഡിജിപി പങ്കെടുത്തിരുന്നില്ല. ഇതും നടപടിക്ക് കാരണമായതാണ് വിവരം.
1987 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ മുകുൾ ഗോയൽ 2021 ജൂലൈയിലാണ് യുപി പൊലീസ് മേധാവിയായി ചുമതലയേറ്റത്. വിവിധ ജില്ലകളിൽ എസ്പിയായി പ്രവർത്തിച്ചിട്ടുള്ള ഗോയൽ ഇന്തോ-ടിബറ്റൻ ബോർഡർ പൊലീസിലും ദേശീയ ദുരന്തനിവാരണ സേനയിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
Discussion about this post